മലരിക്കലേക്ക് വരൂ !!!! ഗ്രാമീണ ജല ടൂറിസം മേളയ്ക്കു ജനുവരി 14ന് തുടക്കം;പടയണി, ജലയാനയാത്ര, നാട്ടരങ്ങ്, കുടുംബശ്രീ അംഗങ്ങളും മലരിക്കൽ ഇക്കോ ടൂറിസം ആൻഡ് വാട്ടർ ലില്ലി പാർക്കിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഭക്ഷ്യമേള, വയൽ നടത്തം, ഗാനമേള, നാടകം തുടങ്ങിയ വിവിധ പരിപാടികളും, വടംവലി, വള്ളംകളി തുടങ്ങിയ മത്സരങ്ങളും മേളയ്ക്ക് മാറ്റുകൂട്ടും.
കോട്ടയം: നാലാമത് മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക് ജനുവരി 14ന് തുടക്കമാകും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ കാഞ്ഞിരം-തിരുവാർപ്പ്-ചെങ്ങളം സർവീസ് സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
മീനച്ചിലാർ-മീനന്തറയാർ- കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട മലരിക്കൽ ടൂറിസം കേന്ദ്രത്തെ ഒരു സ്ഥിരം ടൂറിസം കേന്ദ്രമായി അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണു മൂന്നുദിവസം നീണ്ടു നിൽക്കുന്ന ഗ്രാമീണ ജല ടൂറിസം മേള സംഘടിപ്പിക്കുന്നത്.
മേളയുടെ ഉദ്ഘാടനം ജനുവരി 14 വൈകിട്ട് അഞ്ചിന് തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷനാകും. കലാ- സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കേരള ഫോക്ലോർ അക്കാദമിയും മേളയുടെ ഭാഗമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 15ന് വൈകിട്ട് അഞ്ചിന് ‘മലരിക്കൽ ടൂറിസം വികസനത്തിൽ പ്രദേശവാസികളുടെ പങ്ക് ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പങ്കെടുക്കും.
വിവിധ സാംസ്‌കാരിക സമ്മേളനങ്ങൾ, ആനുകാലിക, പ്രാദേശിക വിഷയങ്ങളെ ഉൾക്കൊള്ളിച്ചുള്ള സെമിനാറുകൾ, കലാപരിപാടികൾ, പടയണി, ജലയാനയാത്ര, നാട്ടരങ്ങ്, കുടുംബശ്രീ അംഗങ്ങളും മലരിക്കൽ ഇക്കോ ടൂറിസം ആൻഡ് വാട്ടർ ലില്ലി പാർക്കിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഭക്ഷ്യമേള, വയൽ നടത്തം, ഗാനമേള, നാടകം തുടങ്ങിയ വിവിധ പരിപാടികളും, വടംവലി, വള്ളംകളി തുടങ്ങിയ മത്സരങ്ങളും മേളയ്ക്ക് മാറ്റുകൂട്ടും.
ജനുവരി 16ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും.