കോട്ടയം പനച്ചിക്കാട് സഹകരണ ബാങ്കിൽ നിന്നും വീട് നിർമിക്കാൻ നാലരലക്ഷം രൂപ ലോൺ എടുത്തതിൽ നിന്നും കള്ള വൗച്ചർ ഉണ്ടാക്കി ഒന്നരലക്ഷം ജീവനക്കാർ തട്ടിയെടുത്തതായി പരാതി

കോട്ടയം പനച്ചിക്കാട് സഹകരണ ബാങ്കിൽ നിന്നും വീട് നിർമിക്കാൻ നാലരലക്ഷം രൂപ ലോൺ എടുത്തതിൽ നിന്നും കള്ള വൗച്ചർ ഉണ്ടാക്കി ഒന്നരലക്ഷം ജീവനക്കാർ തട്ടിയെടുത്തതായി പരാതി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം പനച്ചിക്കാട് സഹകരണ ബാങ്കിൽ നിന്നും വീട് നിർമ്മാണത്തിനായി നാലരലക്ഷം രൂപ ലോൺ എടുത്തതിൽ നിന്നും കള്ള വൗച്ചർ ഉണ്ടാക്കി ഒന്നരലക്ഷം ജീവനക്കാർ തട്ടിയതായി പരാതി.

പനച്ചിക്കാട് സ്വദേശി മധുവാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എ ആറിനും കലക്ടർക്കും ഉൾപ്പെടെ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇയാൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നീതി ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതൽ ഗാന്ധി സ്ക്വയർ മുതൽ കളക്ടറേറ്റ് വരെ പ്ലാക്കർഡ് പിടിച്ച് നടന്നെത്തിയ മധു കളക്ടറേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി വരികയാണ്.

സംഭവത്തെ പറ്റി മധു പറയുന്നത് ഇങ്ങനെയാണ്….

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ പനച്ചിക്കാട്- പരുത്തുംപാറ സർവീസ് സഹകരണ ബാങ്കിൽ നിന്നും നാലര ലക്ഷം രൂപ വീടുപണിക്കായി ഞാൻ ലോൺ എടുക്കുകയും അതിൽ ഒന്നരലക്ഷം രൂപ 7 കള്ള വൗച്ചർ ഉണ്ടാക്കി സഹകരണബാങ്കിലെ ജീവനക്കാർ എന്നിൽ നിന്നും തട്ടിയെടുത്തു.

ഈ കള്ളത്തരം ഞാൻ ഏറെ വൈകിയാണ് അറിഞ്ഞത്.വൗച്ചർ വേണമെന്ന് ഞാൻ ബാങ്കിലെ ജോലിക്കാരോട് പറഞ്ഞപ്പോൾ അപേക്ഷ വെക്കണം എന്ന് അവർ എന്നോട് പറയുകയും അപ്രകാരം ഒരു അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

അപേക്ഷ സമർപ്പിച്ച് ഒരാഴ്ച കഴിഞ്ഞ് ഞാൻ ബാങ്കിനെ സമീപിച്ചപ്പോൾ 13 വൗച്ചർ കാണിക്കേണ്ടിടത്ത് സഹകരണ ബാങ്കിൽ നിന്നും എന്നെ 7 വൗച്ചർ മാത്രമാണ് കാണിച്ചത്.ഇത് കണ്ടപ്പോഴാണ് എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടത്.

ഇതിൽ ഞാൻ ഇട്ടിരിക്കുന്ന ഒപ്പ് വ്യാജമാണെന്ന്. എന്നാൽ ബാങ്ക് അത് സമ്മതിച്ച് തന്നില്ല. തുടർന്ന് ഈ വിഷയത്തിൽ ഞാൻ ഒരു വക്കീലിനെ സമീപിക്കുകയും 18- 08- 2020 ൽ എ ആർ പരാതി കൊടുത്തു. എന്നിട്ടും ഈ വിഷയത്തിൽ ഒരു അന്വേഷണമോ നടപടിയോ ഉണ്ടായില്ല.

യാതൊരു നടപടിയും ഈ വിഷയത്തിൽ ഉണ്ടാകാത്ത കാരണത്താൽ ഞാൻ 25- 11- 2020 ൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് കൊടുക്കുകയും, തുടർന്ന് പോലീസ് (സിഐ) എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും എന്നോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയും സബ് ഇൻസ്പെക്ടർ എൻ്റെ മൊഴിയെടുക്കുകയും ചെയ്തു.

രണ്ടുദിവസം കഴിഞ്ഞ് എൻ്റെ സഹകരണ ബാങ്കിലെ പാസ്ബുക്ക് ആവശ്യപ്പെടുകയും ഞാനത് നൽകുകയും ചെയ്തു. എന്നാൽ അതിന് ശേഷം എന്നോട് വളരെ മോശമായ സമീപനമാണ് സ്റ്റേഷനിൽ നിന്നും ഉണ്ടായത്.

യാതൊരു നടപടിയും തുടർന്ന് ഉണ്ടാവാത്ത കാരണത്താൽ എ ആർ ഓഫീസിൽ വിവരാവകാശ നിയമപ്രകാരം ഞാൻ പരാതി കൊടുക്കുകയും അതിൽ ഒരു തീരുമാനവും നടപടിയുമുണ്ടായില്ല.

ഈ കാരണത്താൽ 18-08- 2021 ഞാൻ ഈ വിഷയത്തെ കാണിച്ച് കളക്ടർക്ക് പരാതി കൊടുത്തു. പരാതി കൊടുത്തതിന്റെ 35 ആം ദിവസം എന്നെ എ ആറിൽ നിന്നും വിളിപ്പിക്കുകയും എൻറെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇത് കഴിഞ്ഞ് ഇപ്പോൾ 45 ദിവസത്തോളം ആയിട്ടും ഇതുവരെ തുടർ നടപടി ഒന്നും ഉണ്ടായില്ല. എനിക്ക് നീതി കിട്ടണം. നീതി ലഭിക്കും വരെ ഞാൻ സമരം ചെയ്യും.

എന്നാൽ ബാങ്ക് അധികൃതർ പറയുന്നതിങ്ങനെ

മധു ബാങ്കിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളതും ആയതിന് വ്യക്തമായ രേഖകൾ ബാങ്കിൻറെ പക്കലുള്ളതുമാണ്.

ഇതിനു മുൻപ് മധു ബാങ്കിൽ വന്ന് വൗച്ചറുകൾ കാണണമെന്ന് പറഞ്ഞപ്പോൾ വൗച്ചറുകൾ എല്ലാം കാണിച്ച് അയാൾ ബോധ്യപ്പെട്ടു പോയിട്ടുള്ളതുമാണ്.

മധുവിന്റെ പിതാവ് മരിക്കുന്നതിനു മുൻപ് എന്തുകൊണ്ടാണ് വീടു പണി പൂർത്തിയാകാത്തത് എന്നും ബാങ്കിൽ നിന്നും വാങ്ങിയ പണം എവിടെ എന്നും ചോദിച്ചപ്പോൾ ബാങ്ക് പണം നൽകിയില്ല എന്ന് ഇയാൾ മറുപടി പറയുകയായിരുന്നു.

ഇതിൻറെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷനിൽ മറ്റും പരാതികൾ സമർപ്പിച്ചത്. ഇവിടെ വന്നപ്പോൾ അയാളെ കാണിച്ച എല്ലാ വൗച്ചറിലും ഒപ്പിട്ടത് അയാൾ തന്നെയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരോ ജീവനക്കാരോ ആരുംതന്നെ ഇത്തരത്തിൽ പണം കൈവശപ്പെടുത്തിയിട്ടില്ല. ഇത് ഉദ്യോഗസ്ഥർക്കും പൊലീസിനും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവർ തുടർ നടപടികളിലേക്ക് കടക്കാഞ്ഞത്.