അമിതഭാരവും കാലപ്പഴക്കവും; വളവുമായി പോയ ലോറിയുടെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു; ലോറി കാറിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക
തിരൂരങ്ങാടി: ദേശീയപാതയില്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് ലോറി കാറിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്.
ഇന്നലെ വൈകിട്ട് പാലക്കലിലാണ് അപകടം ഉണ്ടായത്. വളാഞ്ചേരിയിലേക്ക് വളവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്‍ഭാഗത്തെ ചക്രങ്ങള്‍ ആക്‌സിലുള്‍പ്പെടെ ഊരിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി കാറിലിടിച്ചു. മുന്‍വശം തകര്‍ന്ന കാറില്‍ ഡ്രൈവര്‍ തേഞ്ഞിപ്പലം ആലുങ്ങല്‍ കോത്തിയില്‍ അയ്യങ്കര പറമ്പില്‍ ഷാജഹാന്‍ കുടുങ്ങുകയായിരുന്നു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഷാജഹാനെ പുറത്തെടുത്തത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതഭാരവും ലോറിയുടെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
ലോറിയില്‍ നിന്ന് വളച്ചാക്കുകള്‍ റോഡില്‍ വീണതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിന് ചാക്കുകളാണ് ലോറിയിലുണ്ടായിരുന്നത്.
താനൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് വളം മറ്റൊരു ലോറിയിലേക്ക് മാറ്റി. സ്റ്റേഷന്‍ ഓഫീസര്‍ ടി.ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ റോഡ് വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.