ഇല്ലിക്കലിൽ ആറ്റിലേയ്ക്ക് മറിഞ്ഞ ടോറസ് ലോറി ‘കാണാതായി’: അപകടം ആറ്റു തീരം ഇടിഞ്ഞതിനെ തുടർന്ന്; ഡ്രൈവർ പരിക്കുകളോടെ രക്ഷപെട്ടു

ഇല്ലിക്കലിൽ ആറ്റിലേയ്ക്ക് മറിഞ്ഞ ടോറസ് ലോറി ‘കാണാതായി’: അപകടം ആറ്റു തീരം ഇടിഞ്ഞതിനെ തുടർന്ന്; ഡ്രൈവർ പരിക്കുകളോടെ രക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ
കോട്ടയം: ഇല്ലിക്കലിൽ ആറ്റുതീരം ഇടിഞ്ഞ് മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞ ടോറസ് ലോറി ‘കാണാതായി’..! മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞ ലോറി പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ലോറിയുടെ ഡ്രൈവർ എരുമേലി സ്വദേശി വിഭുവിനെ (32) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഇല്ലിക്കൽ കുമ്മനം തോരണം റോഡിലെ മുസ്ലീം പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. സമീപത്തെ നിർമ്മാണ സ്ഥലത്തേയ്ക്ക് കരിങ്കല്ലുമായി പോകുകയായിരുന്നു ലോറി. മുസ്ലീം പള്ളിയ്ക്കു സമീപത്തു വച്ചു മറ്റൊരു വാഹനത്തിനു സൈഡ് നൽകുന്നതിനിടെ ആറ്റുതീരം ഇടിഞ്ഞ് ലോറി തലകീഴായി ആറ്റിലേയ്ക്കു മറിയുകയായിരുന്നു. വണ്ടി മറിയുന്നതിനിടെ ഡ്രൈവറും, ക്ലീനറും ചാടിരക്ഷപെട്ടു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഡ്രൈവറെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ടോറസ് ലോറി ആറ്റിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് നാട്ടുകാർ തടിച്ചു കൂടിയിട്ടുണ്ട്. കുമരകം പൊലീസും സ്ഥലത്ത് എത്തി. ക്രെയിൻ എത്തിച്ച് ടോറസ് ലോറി പുറത്തെടുക്കുന്നതിനാണ് ആലോചിക്കുന്നത്.