ദുരിതാശ്വാസനിധി തട്ടിപ്പ് ; മുഖ്യമന്ത്രിക്കെതിരായ കേസിൽ നാളെ ലോകായുക്ത വിധി പറയും..! 18 മന്ത്രിമാർക്കും വിധി നിർണായകം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത കേസില്‍ നാളെ ലോകായുക്ത വിധി പറയും. മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. വിധി എതിരായാല്‍ മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാകും. വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. പരാതിക്കാരന്‍ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയാണ് വെള്ളിയാഴ്ച പരിഗണിക്കുന്നത്.
അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും, കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍നിന്ന് പണം നല്‍കിയതാണ് പരാതിക്ക് ആധാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഈ ബെഞ്ച് തന്നെയാണ് കെ.ടി. ജലീലിനെതിരായ വിധി പ്രഖ്യാപിച്ചതും. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18നാണ് വാദം പൂര്‍ത്തിയായത്.