ലോക്ക് ഡൗണിനും തടയാനായില്ല ആ നാടിന്റെ കരുതലിനെ: വിമാനം തകർന്നു വീണപ്പോൾ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്  നാട്ടുകാർ ഒന്നിച്ച്

ലോക്ക് ഡൗണിനും തടയാനായില്ല ആ നാടിന്റെ കരുതലിനെ: വിമാനം തകർന്നു വീണപ്പോൾ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത് നാട്ടുകാർ ഒന്നിച്ച്

തേർഡ് ഐ ബ്യൂറോ

കരിപ്പൂർ: ആകാശത്ത് കടുകുമണി പോലെ മാത്രം കാണുന്ന വിമാനം കൺമുന്നിൽ തകർന്നു വീഴുമ്പോൾ നോക്കി നിൽക്കാൻ കൊണ്ടോട്ടി നിവാസികൾക്ക് ആകുമായിരുന്നില്ല. ആ നാടിന്റെ മുഴുവൻ കണ്ണുനീർ നെഞ്ചിലേറ്റി നാട്ടുകാർ ഒറ്റക്കെട്ടായി ഓടിയെത്തി.

കരിപ്പൂർ വിമാനത്താവളവും പരിസരവും അടങ്ങുന്ന കൊണ്ടോട്ടി മുനിസിപ്പൽ പ്രദേശം രണ്ടാഴ്ച കോവിഡ് ലോക്ഡൗണിലായിരുന്നു. അതിന് ശേഷം കൊണ്ടോട്ടി താലൂക്കിലൊന്നാകെ ലോക് ഡൗൺ വ്യാപിപ്പിച്ചു. പോരാത്തതിന് കനത്ത മഴയും. പക്ഷേ ഇതൊന്നും കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നു തെന്നിയിറങ്ങി മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തുന്നതിന് കൊണ്ടോട്ടിയിലെ ജനങ്ങളെ തടഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന്റെ ആദ്യ വിവരങ്ങൾ സമീപവാസികളിൽ നിന്നാണ് പുറംലോകമറിഞ്ഞത്. ആറുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള റൺവേയിൽ നിന്നും വിമാനം താഴേക്കു മറിഞ്ഞു എന്നായിരുന്നു അപകടം സംബന്ധിച്ച് ആദ്യം പ്രചരിച്ച വാട്സ്ആപ്പ് സന്ദേശങ്ങളിലൊന്ന്. അതിനു പിറകെയായി നിരന്തരം വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിച്ചു.

ആംബുലൻസുകൾക്ക് തടസ്സമില്ലാതെ ഓടുന്നതിനായി റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന കൊണ്ടോട്ടി മുൻസിപ്പൽ അംഗത്തിന്റ സന്ദേശം കേട്ടതോടെ പലർക്കും അപകടത്തിന്റെ രൂക്ഷത ബോധ്യമായി. അതോടെ കിട്ടിയ വാഹനങ്ങളിൽ എല്ലാവരും വിമാനത്താവളത്തിലേക്കു കുതിക്കുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റ പൈലറ്റിനെ സ്വന്തം കാറിൽ കൊണ്ടോട്ടിയിലെ ആശുപത്രിയിലെത്തിയച്ച യുവാവ് പറഞ്ഞത് ആശുപത്രിയിലെത്തുന്നതിനു മുൻപു തന്നെ അദ്ദേഹം മരിച്ചു എന്നാണ്. തകർന്ന വിമാനം വെട്ടിപ്പൊളിച്ച് പരുക്കേറ്റവരെ വാരിയെടുത്ത് രക്ഷാപ്രവർത്തകർ ആശുപത്രികളിലേക്കു പാഞ്ഞു. കൊണ്ടോട്ടിയിലെ രണ്ട് ആശുപത്രികളിലേക്കും സമീപ പ്രദേശമായ പുളിക്കലിലെ ഒരു ആശുപത്രിയിലേക്കുമാണ് ആദ്യം എത്തിച്ചത്.

ഇതിനിടെ പല കുഞ്ഞുങ്ങളും മാതാപിതാക്കളിൽ നിന്നും വേർപെട്ടു. അവരെ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിച്ചു.

വിമാനാപകടം നടന്നപ്പോഴും അതിനു ശേഷവും കനത്ത മഴയാണ് വിമാനത്താവള പരിസരത്തുണ്ടായത്. ഇതൊന്നും രക്ഷാ പ്രവർത്തനത്തിന് തടസ്സമായില്ല. അപകടം നടന്ന് മിനുട്ടുകൾക്കകം തന്നെ വിമാനത്താവളവും പരിസരവും ജന നിബിഢമായി. എന്ത് സഹായവും ചെയ്യാൻ തയ്യാറായി നൂറുകണക്കിനു പേരാണ് അപകട സ്ഥലത്തേക്ക് എത്തിയത്.

കൊവിഡ് ബാധയുടെ പേരിൽ പലയിടങ്ങളിലും പ്രവാസികളെ സ്വന്തം വീട്ടിലേക്കു വരാൻ പോലും അനുവദിക്കാതെ തടയുന്ന കാലത്തു തന്നെയാണ് വിമാനാപകടത്തിൽപ്പെട്ടവരെ രോഗബാധിതരോ അല്ലാത്തവരോ എന്നു പോലുമറിയാതെ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കാൻ കൊണ്ടോട്ടിയിലെ ജനത കുതിച്ചെത്തിയത്.

മലപ്പുറത്തിന്റെ അതിരുകളില്ലാത്ത കാരുണ്യത്തിന്റെ മറ്റൊരു അടയാളപ്പെടുത്തൽ കൂടിയായി കരിപ്പൂർ വിമാനത്താവളത്തിലെ രക്ഷാപ്രവർത്തനം.