മദ്യപിച്ച് മര്‍ദിച്ചതിന് പൊലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യം, മകളുടെ കണ്‍മുന്നില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; ഭർത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി കോടതി

മദ്യപിച്ച് മര്‍ദിച്ചതിന് പൊലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യം, മകളുടെ കണ്‍മുന്നില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; ഭർത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി കോടതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. മുദാക്കല്‍ ചെമ്പൂര് കളിക്കല്‍ കുന്നിന്‍ വീട്ടില്‍ നിഷയെ(35) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അഴൂര്‍ സ്വദേശി സന്തോഷിനെ(37) ആണ് തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ വിഷ്ണു ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണം. പിഴ തുക കൊല്ലപ്പെട്ട നിഷയുടെ മകള്‍ സനീഷയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

മദ്യപിച്ചു വന്ന് ഭാര്യ നിഷയെ ഉപദ്രവിച്ചതിന് ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് കൊലപാതകത്തിന് കാരണം. 2011 ഒക്ടോബര്‍ 27 നായിരുന്നു സംഭവം. ഭര്‍ത്താവ് സന്തോഷ് സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ചു വന്ന് നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് തലേദിവസം നിഷ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിനെ തിരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്ന് വീട്ടില്‍നിന്ന് മാറി നിന്നശേഷം പിറ്റേ ദിവസം രാവിലെ ഏഴ് മണിയോടെ നിഷയുടെ വീട്ടിലെത്തി നിഷയുമായി വഴക്കിട്ടു. നിഷയുടെ മാതാവ് രാധയും സഹോദരി രമ്യയും വീട്ടിലുള്ളത് കാരണം സന്തോഷ് മടങ്ങി.

നിഷയുടെ സഹോദരി ജോലിക്കും അമ്മ രാധ വീട്ടുസാധനങ്ങള്‍ വാങ്ങാനും പോയതിനുശേഷം രാവിലെ പത്തുമണിയോടെ നിഷയുടെ വീട്ടിലെത്തിയ സന്തോഷ് വീടിന്റെ മുന്‍വശത്ത് തുണി അലക്കിക്കൊണ്ടുനിന്നിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ചു തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

കൊല്ലപ്പെട്ട നിഷയുടെ മകള്‍ സനീഷ, അയല്‍വാസി സുനിത എന്നിവരായിരുന്നു കേസിലെ പ്രധാന ദൃക്‌സാക്ഷികള്‍. അച്ഛന്‍ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് കണ്ടുവെന്ന് മകള്‍ സനീഷയും തറയില്‍ വീണ നിഷയെ വീണ്ടും സന്തോഷ് മര്‍ദ്ദിക്കുന്നതു കണ്ടുവെന്ന് അയല്‍വാസി സുനിതയും കോടതി മുമ്പാകെ മൊഴി നല്‍കി.