കാലത്തേയും പ്രായത്തേയും മറികടന്ന ഇന്ത്യയുടെ വാനമ്പാടി; നിലയ്ക്കാത്ത ശബ്ദമാധുരി; മെലഡികളുടെ റാണി സമ്മാനിച്ചത് സ്വര്‍ഗീയ ശബ്ദസൗരഭ്യത്തിന്റെ യുഗം; തൊണ്ണൂറുകള്‍ പിന്നിടുമ്പോഴും സംഗീതപ്രേമികളുടെ മനസ്സില്‍ നിത്യയൗവനമാര്‍ന്ന് ലതാ മങ്കേഷ്കർ
സ്വന്തം ലേഖിക
കാലത്തേയും പ്രായത്തേയും മറികടന്ന ഇന്ത്യയുടെ വാനമ്പാടി.
തൊണ്ണൂറുകള്‍ പിന്നിട്ടപ്പോഴും സംഗീതപ്രേമികളുടെ മനസ്സില്‍ നിത്യയൗവനമാര്‍ന്നു ലതാ മങ്കേഷ്കർ.
ഹിന്ദി, മറാത്തി, മലയാളം,തെലുങ്ക്, കന്നഡ, എന്നീ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും തുടങ്ങി 36 ഓളം ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ഈ മാന്ത്രിക ശബ്ദത്തിലൂടെ സംഗീതപ്രേമികളെ ആനന്ദിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ 13-ാം വയസ്സില്‍ തുടങ്ങി പല തലമുറകള്‍ക്കായി പാടിക്കൊണ്ടിരുന്ന വാനമ്പാടി ഏവരും ഏറെ സ്നേഹത്തോടെ ലതാ ജി എന്ന് വിളിച്ചു.
അറുപതുകളായിരുന്നു ലതാ മങ്കേഷ്‌ക്കര്‍ എന്ന അതുല്യ ഗായികയുടെ സുവര്‍ണകാലം.
അക്കാലത്തെ എല്ലാ സംഗീത സംവിധായകര്‍ക്കൊപ്പവും ഗായകര്‍ക്കൊപ്പവും ലതാജി പാട്ടിന് കൂട്ടായി. പിന്നണി ഗായികമാരില്‍ ഏറ്റവും നീണ്ട കാലയളവില്‍ സിനിമാ സംഗീത രംഗത്ത് പ്രബലമായി നിലകൊണ്ട ശബ്ദമാധുരി.
ഹിന്ദി സിനിമയില്‍ 1947 മുതല്‍ സജീവസാന്നിദ്ധ്യം. എട്ട് പതിറ്റാണ്ടോളം പിന്നിട്ട സംഗീത ജീവിതത്തില്‍ സിനിമ ലോകത്തെ മുന്നണി നായികമാരുടെയെല്ലാം ആലാപനശബ്‍ദമായിരുന്നു ലതാ മങ്കേഷ്‌കറിന്റേത്.
ലതാ മങ്കേഷ്‌ക്കര്‍ പാടിയ പരശ്ശതം പാട്ടുകളില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമേതെന്ന് ചോദിച്ചാല്‍ വോ കോന്‍ ധി എന്ന ചിത്രത്തിലെ ലഗ് ജാ ഗലേ. എന്ന പാട്ടായിരിക്കും ഭൂരിപക്ഷംപേരും പറയുക.
ഹൊറര്‍ സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതാണെങ്കിലും ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ നിത്യഹരിത പ്രണയഗാനങ്ങളിലൊന്നായാണ് ലഗ് ജാ ഗലേ വിലയിരുത്തപ്പെടുന്നത്.ലതാജി പാടിയ ആ മാസ്‌മര ഗാനം എത്രയെത്ര ഗായകരാണ് പിന്നീട് തങ്ങളുടെ ശബ്ദത്തില്‍ പുനരാവിഷ്കരിച്ചത്. ഹിന്ദിസിനിമാ സംഗീത ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പുനഃസൃഷ്ടിക്കപ്പെട്ട ഗാനമെന്ന റെക്കോർഡ് ലഗ് ജാ ഗലേയ്ക്ക് തന്നെയാണ്.
ഗാനങ്ങളുടെ അര്‍ത്ഥവും ഭാവവും മനസ്സിലാക്കി ഗാനങ്ങള്‍ തിരഞ്ഞെടുത്തു പാടുന്ന ശീലം ലതാജി യുടെ പ്രത്യേകതയാണ്. മറ്റു ഗായികമാരില്‍ അത്യന്തം അപൂര്‍വമായി കാണുന്ന ശീലം. ഒരു ഗാനം ആലപിക്കുന്നതിനു മുൻപ് സ്വന്തം കൈപ്പടയില്‍ ലത ആ ഗാനം കടലാസില്‍ കുറിക്കുന്നു. ‘ശ്രീ’ എന്ന അക്ഷരം കടലാസിന്റെ നെറുകയില്‍ എഴുതിയ ശേഷമാണ് ഗാനം എഴുതിത്തുടങ്ങുക.
മദന്‍ മോഹന്‍, ആര്‍ ഡി ബര്‍മന്‍, ലക്ഷ്മികാന്ത്-പ്യാരേലാല്‍, എ ആര്‍ റഹ്മാന്‍ എന്നിവരുള്‍പ്പെടെ നിരവധി സംഗീത സംവിധായകരോടൊപ്പം ലത മങ്കേഷ്‌കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .ലക്ഷ്മികാന്ത്-പ്യാരേലാല്‍ കൂട്ടുകെട്ടിന്റെ സംഗീത സംവിധാനത്തില്‍ ഏകദേശം എഴുന്നൂറോളം പാട്ടുകളാണ് ലത മങ്കേഷ്‌കര്‍ ആലപിച്ചിരിക്കുന്നത് . മലയാളത്തില്‍ ‘നെല്ല്’ (1974) എന്ന ചിത്രത്തിനു വേണ്ടി കദളീ കണ്‍കദളീ … എന്ന ഗാനവും ആലപിച്ചിട്ടുണ്ട്.
‘കഭീ ഖാമോശ് രഹ്തെ ഹൈ. പീ കെ ദരസ്‌കോ.’ എന്ന ഈ ഗാനം 1955ല്‍ റിലീസായ ‘ആസാദ്’ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്തിനു വേണ്ടി ലതാമങ്കേഷ്‌കര്‍ പാടിയ ഗാനമാണ്. ഒരേ കഥയെ ആസ്പദമാക്കി ‘പക്ഷിരാജാ സ്റ്റുഡിയോസ്’ നിര്‍മിച്ച ഈ ചിത്രങ്ങളിലെ നൃത്തരംഗത്ത് ഹിന്ദിയില്‍ മീനാകുമാരിയും മലയാളത്തില്‍ രാഗിണിയും അഭിനയിച്ചു. ഒരു പിന്നണി ഗായിക പാടിയ ഒരു ഗാനത്തിനൊത്ത് രണ്ടു വ്യത്യസ്ത ഭാഷാ ചിത്രങ്ങളില്‍ അതതു ഭാഷാ സിനിമയിലെ രണ്ടു സൂപ്പര്‍ താരറാണിമാര്‍ നൃത്തം ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. ഒരുപക്ഷെ ഇതിന് സമാനമായി മറ്റൊരു സംഭവം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടോ എന്നുപോലും സംശയമാണ്. ലതാമങ്കേഷ്‌കര്‍ പാടിയ ഗാനത്തിന് മാത്രം അവകാശപ്പെട്ട വിശേഷണം എന്ന് കൂടി പറയാതെ വയ്യ.
തന്റെ സംഗീത സപര്യയില്‍ ലത മങ്കേഷ്‌കറെ തേടി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും എത്തിയിട്ടുണ്ട് . 1989 ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരവും , 2001 ല്‍ രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നം നല്‍കിയും അവരെ ആദരിക്കുകയുണ്ടായി . എം എസ് സുബ്ബലക്ഷ്മിക്ക് ശേഷം ഭാരത രത്ന പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഗായികയാണ് ലത മങ്കേഷ്‌കര്‍.