ചിന്താ ജെറോം ഇടതു സ്ഥാനാർത്ഥിയാകുമോ..? വനിതയും യുവതിയുമായ ചിന്തയ്ക്ക് വിജയിക്കുന്ന സീറ്റ് സി.പി.എം നൽകിയേക്കും; നിർണ്ണായകമായ വെളിപ്പെടുത്തലുമായി ചിന്ത ജെറോ

ചിന്താ ജെറോം ഇടതു സ്ഥാനാർത്ഥിയാകുമോ..? വനിതയും യുവതിയുമായ ചിന്തയ്ക്ക് വിജയിക്കുന്ന സീറ്റ് സി.പി.എം നൽകിയേക്കും; നിർണ്ണായകമായ വെളിപ്പെടുത്തലുമായി ചിന്ത ജെറോ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡിവൈ.എഫ്.ഐ നേതാവും യുവജന ക്ഷേമബോർഡ് അദ്ധ്യക്ഷയുമായ ചിന്താ ജെറോം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേയ്ക്കും. ചിന്ത മത്സരിച്ചേയ്ക്കുമെന്ന സൂചന പാർട്ടി നേതൃത്വം നൽകുന്നുണ്ട്. യുവജന വനിതാ പ്രാതിനിധ്യമെന്ന പേരിലാണ് ചിന്താജെറോമിന്റെ പേര് സി.പി.എം പരിഗണിക്കുന്നത്.

എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഏതെങ്കിലും ചുമതലകളിൽ എത്തുകയോ ചെയ്യുക എന്നതല്ല രാഷ്ട്രീയമെന്നും ജനങ്ങളെ സേവിക്കലാണ് രാഷ്ട്രീയമെന്നു ചിന്ത ജെറോ പ്രതികരിച്ചു. ഇടതുപക്ഷം ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തന്നെ നിയമസഭാ തിരടുപ്പിൽ രംഗത്തിറക്കുമെന്നും ചിന്ത ജെറോം പറഞ്ഞു. ഒരു മലയാള വാർത്താ മാദ്ധ്യമത്തോടാണ് അവർ ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും ചിന്ത ജെറോമിനെ പരിഗണിക്കുന്നുവെന്നുള്ള അഭ്യൂഹങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ചെറുപ്പത്തിലേ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്കെത്തിയതാണ് ഞാൻ. മത്സരിക്കുകയോ ഏതെങ്കിലും സ്ഥാനത്തെത്തുകയോ ചെയ്യുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. ജനങ്ങളെ സേവിക്കലാണ്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് ഇടത് മുന്നണി രംഗത്തിറക്കുക. ഇത്തവണയും യുവജനങ്ങൾക്കും സ്ത്രീകൾക്കും പരിഗണന നൽകും. തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ അടക്കമുള്ളവർ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്.’-ചിന്ത ജെറോം പറയുന്നു.

അതേസമയം, വ്യക്തികളല്ല മത്സരിക്കുന്നത് എപ്പോഴും പാർട്ടി ആയിരിക്കുമെന്നും ചിന്ത പറയുന്നു. പ്രചാരങ്ങൾക്ക് അത്ര വലിയ പ്രാധാന്യം നൽകേണ്ടതില്ല. യുവജനകമ്മീഷൻ ചെയർപേഴ്സൺ എന്നുള്ളത് വലിയ ഉത്തരവാദിത്തമാണ്. അത് വലിയൊരു അംഗീകാരമാണ്. ആ പദവിയോട് പൂർണമായും നീതി പുലർത്തിക്കൊണ്ട് മുന്നോട്ടുപോകാൻ സാധിക്കുന്നു എന്നതിൽ അഭിമാനമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചിന്ത പറഞ്ഞു.

യുവജന സംഘടനാ രംഗത്ത് സജീവമായ ചിന്ത ജെറോമിനേയും ഫസീലയേയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കുമെന്നും വാർത്തകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം 17 വനിതകളെ മത്സരിപ്പിച്ചതിൽ എട്ട് പേർ വിജയിച്ചിരുന്നു. കെകെ ശൈലജ ടീച്ചർ, ജെ മേഴ്‌സികുട്ടിയമ്മ, യു പ്രതിഭ, വീണ ജോർജ്, അയിഷ പോറ്റി എന്നിവരാണ് വിജയിച്ചത്. രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്താനുള്ള തീരുമാനം വരികയാണെങ്കിൽ വീണയും പ്രതിഭയും മത്സരിക്കാനുള്ള യോഗ്യത നേടും. ഇതിനു പുറമെ കെകെ ശൈലജ ടീച്ചർ, മേഴ്‌സികുട്ടിയമ്മ എന്നിവർക്കും അവസരം നൽകിയേക്കും.

അതേസമയം സിപിഐ കഴിഞ്ഞ തവണ രംഗത്തിറക്കിയത് നാല് വനിതകളെയായിരുന്നു. ഇതിൽ മൂന്ന് പേരും വിജയം നേടിയിരുന്നു. ഇ എസ് ബിജിമോൾ, ഗീതാ ഗോപി, സികെ ആശ എന്നിവരാണ് എംഎൽഎമാരായത്. ഇക്കൂട്ടത്തിൽ സികെ ആശ വീണ്ടും മത്സരിച്ചേക്കുമെന്നും വാർത്തകളുണ്ട്. കോവളത്ത് മത്സരിച്ച ജനതാദൾ എസിന്റെ ജമീല പ്രകാശം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണയും ജമീല പാർട്ടിക്ക് വേണ്ടി മത്സരിച്ചേക്കുമെന്ന് വിവരമുണ്ട്. മഹിളാ സംഘം നേതാക്കളായ ചിഞ്ചുറാണി, പി വസന്തം, വനിതാ കമ്മീഷൻ അംഗങ്ങളായ എംഎസ് താര എന്നിവർ സാദ്ധ്യതാ പട്ടികയിലുണ്ട്.