പതിനാറാം വയസ്സില്‍ പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപോയി; പിന്നീട് ഭര്‍ത്താവ് ഗുണ്ടാ നേതാവാണെന്ന് തിരിച്ചറിഞ്ഞു; ഭര്‍ത്താവ് ജയിലിലായതോടെ ആധാര്‍ ശരിയാക്കി കൊടുത്ത ജനസേവനകേന്ദ്രത്തിലെ ജീവനക്കാരുമായി പ്രണയത്തിലായി; അവിഹിതം ഭര്‍ത്താവ് അറിഞ്ഞതോടെ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; മാനസിക നില താറുമാറായി കാമുകനെ കഴുത്തില്‍ കുത്തി; തിരുവനന്തപുരത്ത് പിടിയിലായ ലക്ഷ്മിയുടെയും അജീഷിന്റെയും ജീവിതം ദുരൂഹതകള്‍ നിറഞ്ഞത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേസില്‍പെട്ട് മിക്കപ്പോഴും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനോട് തോന്നിയ ദേഷ്യമാണ് യുവാവുമായി അടുപ്പത്തിലാകാന്‍ കാരണമെന്ന് കത്തികുത്ത് കേസില്‍ അറസ്റ്റിലായ പനവൂര്‍ കൊല്ല അജിത് ഭവനില്‍ അജീഷിന്റെ ഭാര്യ ലക്ഷ്മി(26).
പതിനാറു വയസ്സുള്ളപ്പോഴാണ് അജീഷുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിനിടക്ക് ഗര്‍ഭിണിയായതോടെ അജീഷ് ജയിലിലായി. മോചിതനായ ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷമാണ് കൊടും ക്രിമിനലാണ് അജീഷെന്ന് തിരിച്ചറിയുന്നത്. ഗുണ്ടാ കേസുകളും ചന്ദനക്കടത്തുമൊക്കെയായി ജയിലാകുന്നത് പതിവായിരുന്നു. അടിപിടിയും കേസുമൊക്കെയായി സമാധാനമില്ലാത്ത ജീവിതം ആഗ്രഹിച്ചാണ് മംഗലപുരം സ്വദേശി നിധീഷുമായി അടുപ്പത്തിലായതെന്നാണ് ലക്ഷ്മി പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് മാസം മുന്‍പ് ഭര്‍ത്താവുമൊത്ത് വാളിക്കോടുള്ള ജനസേവന കേന്ദ്രത്തില്‍ ആധാര്‍ എടുക്കാനായി എത്തിയപ്പോള്‍ ഇവിടുത്തെ ജീവനക്കാരനായ നിധീഷായിരുന്നു ആധാറിനുള്ള അപേക്ഷ ശരിയാക്കി കൊടുത്തത്. ആധാര്‍ ലഭിക്കുമ്പോള്‍ അറിയിക്കണമെന്ന് പറഞ്ഞ് നിധീഷിന്റെ നമ്പര്‍ വാങ്ങി.അങ്ങനെ ആധാറിന്റെ പേരില്‍ തുടങ്ങിയ സംസാരം സൗഹൃദത്തിലേക്കെത്തി.
ഇതിനിടയില്‍ ഭര്‍ത്താവ് ഒരു കേസില്‍പെട്ട് ജയിലില്‍ പോയതോടെയാണ് ഇവരുടെ സൗഹൃദം പ്രണയമായി മാറിയത്. ജയില്‍ മോചിതനായി ഭര്‍ത്താവ് തിരിച്ചെത്തിയ ഒരു ദിവസം ലക്ഷ്മിയുടെ മൊബൈലിലേക്ക് നിധീഷ് വിളിച്ചപ്പോള്‍ അജീഷ് ഫോണെടുക്കുകയും ബന്ധം പുറത്തറിയുകയുമായിരുന്നു.
ലക്ഷ്മിക്ക് നിധീഷുമൊന്നിച്ച് ജീവിക്കണമെന്ന് പറഞ്ഞതോടെ അജീഷ് അക്രമാസക്തനായി.ഇതിനിടയില്‍ ലക്ഷ്മി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ലക്ഷ്മിക്ക് ഇയാളുമായി ഒത്തുപോകാന്‍ കഴിയാതായതോടെ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ ഇക്കഴിഞ്ഞ 19 ന് പരാതി നല്‍കുകയും അവിടെ വച്ച് ഒത്തു തീര്‍പ്പാക്കി വിടുകയുമായിരുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്മി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ അജീഷ് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി ലക്ഷ്മിയോട് പറഞ്ഞ് നിധീഷിനെ കോരാണിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കോരാണിയില്‍ കുഞ്ഞുമായി ലക്ഷ്മിയും അജീഷും എത്തുകയും ഇവിടെ വച്ച് നിധീഷിനെ കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.കയ്യിലും കാലിലും ചവിട്ടിപ്പിടിക്കുകയായിരുന്നു താനെന്നും ലക്ഷ്മിയാണ് കുത്തിയതെന്നുമാണ് അജീഷ് മൊഴി നല്‍കിയത്. ഇത് സ്ഥിരീകരിക്കണമെങ്കില്‍ കുത്തേറ്റ നിധീഷിന്റെ മൊഴിയെടുക്കണം. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനാല്‍ ഇനിയും ദിവസങ്ങളെടുക്കും. നിധീഷിന്റെ മൊഴി കൂടി ലഭിച്ചാലെ സംഭവത്തിലെ ദുരൂഹത പുറത്തു വരൂ.
ഞായറാഴ്ച ഉച്ചയ്ക്ക് പാതയോരത്തുള്ള കടയുടെ ചായ്പിലാണ് സംഭവം, രക്ഷപ്പെടാന്‍ ശ്രമിച്ച ലക്ഷ്മിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രണ്ടര വയസ്സുള്ള കുഞ്ഞുമായി രക്ഷപ്പെട്ട അജീഷ്, കുഞ്ഞിനെ സഹോദരന്റെ വീട്ടിലെത്തിച്ച ശേഷം ഒളിവില്‍ പോയിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.രാജേഷ്‌കുമാര്‍, എസ്ഐ മാരായ ജിബി , ഐ.വി. ആശ, എഎസ്ഐ ജയന്‍, പൊലീസുകാരായ ഡിനോര്‍, രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.അറസ്റ്റിലായ ലക്ഷ്മി മാനസിക നില തെറ്റിയപോലെയാണ് പെരുമാറുന്നത്.