കുവൈറ്റിൽ മരിച്ച സംക്രാന്തി സ്വദേശിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ല; രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ഏക ആശ്രയമായ അമ്മയുടെ മരണത്തിൽ ദുഖിതരായി നാട്; മണലാരണ്യത്തിലെ ദുരിതത്തിലേയ്ക്കു സംക്രാന്തി പാറമ്പുഴ സ്വദേശിയെ തള്ളിയത് എറണാകുളത്തെ ഏജൻസി

കുവൈറ്റിൽ മരിച്ച സംക്രാന്തി സ്വദേശിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ല; രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ഏക ആശ്രയമായ അമ്മയുടെ മരണത്തിൽ ദുഖിതരായി നാട്; മണലാരണ്യത്തിലെ ദുരിതത്തിലേയ്ക്കു സംക്രാന്തി പാറമ്പുഴ സ്വദേശിയെ തള്ളിയത് എറണാകുളത്തെ ഏജൻസി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ദുരിതം മാത്രം കൈമുതലായുള്ള ജീവിതത്തിൽ നിന്നും രക്ഷതേടിയാണ് ആ പെൺകുട്ടി ബി.എസ്.സി പഠനം പൂർത്തിയാക്കിയിട്ടും ഹോം നഴ്‌സ് മാത്രമായി വിദേശത്തേയ്ക്കു പോയത്. ഭർത്താവ് ഉപേക്ഷിച്ച  പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഏക ആശ്രയം സുമി മാത്രമായിരുന്നു. എന്നാൽ, കൊറോണ ബാധിതയായി അവർ മരിക്കുക കൂടി ചെയ്തതോടെ ആ കുടുംബം അനാഥമായി. സംക്രാന്തി പാറമ്പുഴ തെക്കനായിൽ വീട്ടിൽ ജനാർദനന്റെയും തങ്കമ്മയുടെയും മകൾ ടി.ജെ സുമി(37)യാണ് കൊറോണാ ബാധിച്ച് കുവൈറ്റിൽ മരിച്ചത്. ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്നു കുടുംബം പുലർത്തുന്നതിനായി നാലു മാസം മുൻപാണ് സുമി കുവൈറ്റിലേയ്ക്കു പോന്നത്.

എറണാകുളത്തെ ഒരു സ്വകാര്യ ഹോം നഴ്‌സിംങ് ഏജൻസിയാണ് സുമിയെ വിദേശത്തേയ്ക്കു കൊണ്ടു പോയതും. ഈ ഏജൻസി സുമിയെ ഹോം നഴ്‌സിന്റെ ജോലിയ്ക്കായി വിദേശത്തേയ്ക്കു എത്തിച്ചെങ്കിലും പിന്നാലെ തന്നെ ഇവർക്കു ജോലി നഷ്ടമാകുകയായിരുന്നു. തുടർന്നു ഇവർ എംബസിയുടെ ഷെൽട്ടറിലാണ് രണ്ടാഴ്ചയിലേറെയായി കഴിഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെയാണ് ഇവർ ഹൃദയാഘാതം മൂലം മരിച്ചതായുള്ള വിവരം നാട്ടിൽ ലഭിക്കുന്നത്. തുടർന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും, കോൺഗ്രസ് നേതാവ് സാബൂ മാത്യു അടക്കമുള്ളവരുമായി ബന്ധപ്പെട്ട ബന്ധുക്കൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്നു ബന്ധുക്കൾ കുവൈറ്റിലെ മലയാളി അസോസിയേഷൻ അടക്കമുള്ള സംഘടനകളുമായി ബന്ധപ്പെട്ട് യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനിടെയാണ് കോവിഡ് ബാധിച്ചാണ് ഇവർ മരിച്ചത് എന്ന വിവരം ലഭിക്കുന്നത്.

തുടർന്നു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃതദേഹം നാട്ടിലേയ്ക്കു എത്തിക്കുന്നതിനുള്ള ശ്രമം അധികൃതർ അവസാനിപ്പിക്കുകയായിരുന്നു. തുടർന്നു കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കുവൈറ്റിൽ തന്നെ സംസ്‌കരിക്കും എന്ന സൂചനയും ലഭിക്കുന്നുണ്ട്. പതിനഞ്ചു വയസുകാരൻ അഭിജിത്തും ഏഴാം ക്ലാസുകാരി അൻസുവുമാണ് സുമിയുടെ മക്കൾ.

എറണാകുളത്തെ സ്വകാര്യ ഏജൻസിയിൽ നിന്നുമാണ് ഇവർ വിദേശത്തേയ്ക്കു പോയത്. എന്നാൽ, ഈ ഏജൻസി പണം വാങ്ങി പോക്കറ്റിലിട്ടതല്ലാതെ കൃത്യമായ യാതൊരു കാര്യങ്ങളും സ്വീകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ ജോലിയ്ക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിനോ ഇവർ തയ്യാറായിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി വിദേശത്തേയ്ക്കു കയറ്റി അയക്കുന്നവരുടെ കാര്യത്തിൽ ഏജൻസികൾ യാതൊരു ഉത്തരവാദിത്വവും കാട്ടുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.