കുട്ടികൾക്കുളള ജ്യൂസുകളിലും ഐസ്‌ക്രീമുകളിലും ലഹരി പദാർത്ഥങ്ങൾ ചേർത്തു നൽകുന്നു

കുട്ടികൾക്കുളള ജ്യൂസുകളിലും ഐസ്‌ക്രീമുകളിലും ലഹരി പദാർത്ഥങ്ങൾ ചേർത്തു നൽകുന്നു

സ്വന്തംലേഖകൻ

 

തിരുവനന്തപുരം: ലഹരി പദാർത്ഥങ്ങൾ ഭക്ഷണ പാനീയങ്ങളുടെ രൂപത്തിലാക്കി വിൽപ്പന നടത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് അദ്ധ്യയന വർഷാരംഭം മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധനയ്ക്ക് എക്‌സൈസ് തയാറെടുക്കുന്നു. വിദ്യാലയ പരിസരങ്ങളിലുള്ള ബേക്കറികൾ, സ്റ്റേഷനറി കടകൾ, ജ്യൂസ്- ഐസ്‌ക്രീം പാർലറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാവും പരിശോധന.പാർലറുകളിൽ മദ്യം ജ്യൂസുകളിലും ഐസ്‌ക്രീമിലും കലർത്തി കുട്ടികൾക്ക് നൽകാൻ സാദ്ധ്യതയുള്ളതിനാലാണ് നീക്കം.ലഹരി മിഠായികൾ, ച്യൂയിംഗങ്ങൾ പോലുളള സാധനങ്ങൾ എന്നിവ ചില സ്‌കൂൾ പരിസരങ്ങളിൽ വിറ്റഴിക്കുന്നതായി എക്‌സൈസിന് രഹസ്യ വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് ബാറുകളിലും ബിയർ പാർലറുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ചേർന്ന് നടത്താറുള്ള പരിശോധനയുടെ മാതൃക പരീക്ഷിക്കുന്നത്. ഭക്ഷണ പദാർത്ഥങ്ങളിലെ മായം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടി സേവനം പ്രയോജനപ്പെടുത്തിയാൽ ലഹരിവസ്തുക്കളോ മറ്റെന്തെങ്കിലും അപകടകരമായ സാധനങ്ങളോ കുട്ടികൾക്കുള്ള ആഹാര സാധനങ്ങളിൽ കലർന്നിട്ടുണ്ടെങ്കിൽ പ്രഥമദൃഷ്ട്യാ തിരിച്ചറിയാൻ വേണ്ടിയാണിത്.
മിഠായികൾ, കേക്ക്, ഐസ്‌ക്രീമുകൾ എന്നിവ പോലുള്ള ഇഷ്ട സാധനങ്ങളിൽ ലഹരി വസ്തുക്കൾ കലർത്തി കുട്ടികളെ ആകർഷിച്ച് ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം ഉണ്ടാകാറുണ്ട്. ഇത് തടയുകയാണ് ലക്ഷ്യം. സംയുക്ത പരിശോധനയ്ക്ക് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗാണ് നിർദേശം നൽകിയത്. ഇതുകൂടാതെ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി പ്രൊഫഷണൽ സ്ഥാപനങ്ങളുൾപ്പെടെയുള്ള വിദ്യാലയങ്ങളുടെ നൂറ് മീറ്റർ ചുറ്റളവിൽ ഒരു തരത്തിലുളള ലഹരി വസ്തുക്കളുടെയും വിപണനം അനുവദിക്കരുതെന്നും ഇതിനായി മുൻകൂർ പരിശോധന നടത്തി ലഹരി വസ്തുക്കൾ പിടിച്ചെടുക്കാനും നിർദേശിച്ചിട്ടുണ്ട്.