നിർത്തിയിട്ടിരുന്ന കാർ റോഡിനു കുറുകെയെടുത്തു: കാഞ്ഞിരപ്പള്ളിയിൽ ജീപ്പ് നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു: തമിഴ്‌നാട് സ്വദേശികളായ നാല് യാത്രക്കാർക്ക് പരിക്ക്

നിർത്തിയിട്ടിരുന്ന കാർ റോഡിനു കുറുകെയെടുത്തു: കാഞ്ഞിരപ്പള്ളിയിൽ ജീപ്പ് നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു: തമിഴ്‌നാട് സ്വദേശികളായ നാല് യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ
കോട്ടയം: നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ തലകുത്തിമറിഞ്ഞതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശികളായ നാലു പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് ഉത്തമപാളയം സുൽത്താൻ (50), മുനി സ്വാമി (42), മണികണ്ഠൻ (42), ബീമ (17) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി റോഡിലൂടെ വരികയായിരുന്നു ജീപ്പ്. ഈ സമയം റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടന്ന് റോഡിലേയ്ക്ക് കയറ്റി. റോഡിനു കുറുകെ കാർ എത്തിയത് കണ്ട് ജീപ്പ് ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്തു. ഈ സമയം നിയന്ത്രണം നഷ്ടമായ ജീപ്പ് റോഡിൽ തലകുത്തി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജീപ്പിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.