സംശയാസ്പദമായി ആരെകണ്ടാലും അയാളെ പിടികൂടി പോലീസിലേൽപ്പിക്കുന്ന ഭീതിയിലേക്ക് ജനങ്ങൾ; കുറുവാ സംഘത്തിൽപ്പെട്ട ആളെന്ന് കരുതി പിടിച്ചത് കുറുവിലങ്ങാട് ജോലി അന്വേഷിച്ചെത്തിയ തമിഴ്നാട് സ്വദേശിയെ
സ്വന്തം ലേഖകൻ
കോട്ടയം: കുറുവാ സംഘാംഗമെന്ന് സംശയിച്ച് നാട്ടുകാര്‍ പിടികൂടിയാള്‍ ജോലി അന്വേഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശിയെന്ന് കുറവിലങ്ങാട് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് 4.30ന് കടപ്പൂരില്‍ നിന്നുമാണ് അസ്വാഭാവികമായ രീതിയില്‍ കണ്ടയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. തല മുട്ടയടിച്ച ഇയാളെ നാട്ടുകാര്‍ വെമ്പള്ളി മുതല്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെരുപ്പ് കാലില്‍ ധരിക്കാതെ പൊതിഞ്ഞ് കൈയില്‍ സൂക്ഷിച്ചിരുന്ന നിലയിലും 500 രൂപ നോട്ട് പത്ത് രൂപയില്‍ പൊതിഞ്ഞ നിലയിലും ഇയാളില്‍ നിന്ന് കണ്ടെത്തി. മാരകായുധങ്ങളോ മോഷണ വസ്തുക്കളോ ഒന്നും തന്നെ കണ്ടെത്തിയില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഷണ പരമ്പര നടത്തുന്ന കുറുവാ സംഘത്തില്‍പ്പെട്ടയാളെന്ന് കരുതിയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജോലി അന്വേഷിച്ചെത്തിയതാണെന്ന് പൊലീസിനോട് പറഞ്ഞത്.
സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി കുറുവാ സംഘത്തെ പിടികൂടിയെന്ന തരത്തില്‍ വലിയ പ്രചരണം നടന്നിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവഞ്ചൂര്‍ പറമ്പുകരയില്‍ പ്രായമായ നാടോടി സ്ത്രീയെ നാട്ടുകാര്‍ കുറുവാസംഘമെന്ന സംശയത്തില്‍ തടഞ്ഞുവെച്ചിരുന്നു. മണര്‍കാട് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.