എആർ സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേട്; പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ; കള്ളപ്പണ നിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം
സ്വന്തം ലേഖകൻ
മലപ്പുറം; എആർ സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ ശക്തമായ അന്വേഷണത്തിലേക്ക് നീങ്ങുന്നു. മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് ബാങ്കിൽ നടത്തിയ കള്ളപ്പണ നിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് അന്വേഷണം വ്യപിപ്പിക്കുക.
ഹാഷിഖ് ഏകദേശം മൂന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. ഈ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിച്ച ഒന്നര കോടിയോളം വരുന്ന പലിശയും ഹാഷിഖിന്റെ പേരിൽ വരും. ഇത്രയധികം കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ ബാങ്കിലെ ചില നിക്ഷേപകർ പണത്തിന്റെ ഉറവിടം ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഉറവിടം കാണിക്കുന്നതിനാവശ്യമായ സമയവും നിക്ഷേപകർക്ക് സ്വഭാവികമായും ലഭിക്കും. എന്നാൽ പ്രവാസി വ്യവസായിയായ ഹാഷിഖ് പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്താതെ നിർമ്മിച്ച 257 കസ്റ്റമർ ഐഡികൾ ഉപയോഗിച്ച് ബാങ്കിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി ഒരു വർഷം പിന്നിടുമ്പോഴാണ് കേന്ദ്ര ഏജൻസികൾ സമഗ്ര അന്വേഷണത്തിലേക്ക് കടക്കുന്നത്.
2021 മെയ് 25ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം 53 വ്യക്തികളുടെ അക്കൗണ്ട് മരവിപ്പിക്കണമെന്നും, അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള പണം കണ്ടുകെട്ടുകയാണെന്നും കാണിച്ച് എആർ നഗർ സർവീസ് സഹകരണ ബാങ്കിന് ഉത്തരവ് കൈമാറിയിരുന്നു. ഉത്തരവിൽ രേഖപ്പെടുത്തിയ പട്ടികയിൽ ഒന്നാമത്തെ പേര് കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് പാണ്ടിക്കടവത്തിന്റേതാണ്.
മുസ്ലീം ലീഗ് ഭരിക്കുന്ന ബാങ്കിൽ ഇടതു ബന്ധമുള്ള സെക്രട്ടറിയാണ് ക്രമക്കേടുകൾക്ക് സഹായം നൽകിയതെന്ന് സഹകരണവകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് ഇയാൾ സ്ഥാനമൊഴിഞ്ഞതിന് ശേഷം പ്രത്യേക അഡ്മിനിസ്ട്രേറ്റർ പദവി നൽകി ഇയാളെ വീണ്ടും ബാങ്ക് ചുമതലയിലേക്ക് നിയമിക്കുകയും ചെയ്തിരുന്നു. സഹകരണ വകുപ്പിൽ നിന്നും ലഭിച്ച പിന്തുണയാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.