play-sharp-fill
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ ….” എന്ന യുഗ്മഗാനം: അൻപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും കുടമുല്ലപ്പൂവിന്റെ സൗരഭ്യം പോലെ ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ  ഇന്നും സുഗന്ധം പരത്തുന്നു .

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ ….” എന്ന യുഗ്മഗാനം: അൻപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും കുടമുല്ലപ്പൂവിന്റെ സൗരഭ്യം പോലെ ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ ഇന്നും സുഗന്ധം പരത്തുന്നു .

കോട്ടയം: ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളി പെണ്ണിന്റെ ശാലീനസൗന്ദര്യത്തെ പറ്റി പറയാതിരിക്കാൻ കഴിയില്ല. പ്രശസ്ത മലയാളി ചിത്രകാരനായ രാജാ രവിവർമ്മയുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളിലൂടെയാണ് മലയാളി മങ്കയുടെ അനുപമ സൗന്ദര്യം ലോകപ്രശസ്തമായത് .

ഹൈദരാബാദിലെ സാലാർജംഗ് മ്യൂസിയം ആർട്ട് ഗ്യാലറിയിലെ അതി മനോഹരമായ രവിവർമ്മ ചിത്രങ്ങർ ഏവരെയും ആകർഷിക്കുന്നതാണ്.
രാവിലെ തന്നെ കുളിച്ച് കാർകൂന്തൽ മിനുക്കി വെള്ളപ്പുടവയുടുക്കുന്ന മലയാളിപ്പെണ്ണിന്റെ ശാലീന സൗന്ദര്യം നമ്മുടെ കവികളേയും എഴുത്തുകാരേയും സൗന്ദര്യാരാധകരേയും എന്നും ലഹരി പിടിപ്പിച്ചിരുന്നു.

അത്തരം ലാസ്യലാവണ്യ ലഹരിയിൽ നിന്നുതിർന്നു വീണ ഒരു മലയാള ചലച്ചിത്രഗാനത്തിന് ഇന്ന് 55 വയസ്സ് പൂർത്തിയാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോ നിർമ്മിച്ച് എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ” ജ്വാല ” എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ സംഗീതം നൽകി യേശുദാസും
ബി. വസന്തയും ചേർന്ന് പാടിയ

“കുടമുല്ലപ്പൂവിനും
മലയാളിപ്പെണ്ണിനും
ഉടുക്കാൻ വെള്ളപ്പുടവ ….”

എന്ന യുഗ്മഗാനമാണ് ഇന്ന് അമ്പത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ ഒന്നാണ് നമ്മുടെ
കൊച്ചു കേരളം .
പ്രിയകവി എം ഡി രാജേന്ദ്രൻ എഴുതിയതുപോലെ

“ഋതുഭേദ കൽപ്പന
ചാരുത നൽകിയ …..”

നമ്മുടെ ഞാറ്റുവേലകൾ കാർഷിക സംസ്കാരത്തിൻ്റെ മുഖമുദ്രകൾ ആയിരുന്നുവല്ലോ.
മതിമറന്നു പെയ്യുന്ന ഈ ഞാറ്റുവേലകൾ മലയാളി പെണ്ണിൻ്റെ കൂന്തൽ മിനുക്കാൻ കൂടിയാണെന്ന് കണ്ടെത്തിയ
വയലാറിന്റെ അതിമനോഹരമായ രചനയും ദേവരാജൻ മാസ്റ്ററുടെ ഇമ്പമാർന്ന സംഗീതസംവിധാനവും ഈ ഗാനത്തെ അനശ്വരമാക്കിയെന്ന് പറയുവാൻ തന്നെ വളരെ സന്തോഷമുണ്ട്.

” വധൂവരന്മാരെ
പ്രിയ വധൂവരന്മാരെ
വിവാഹ മംഗളാശംസകളുടെ വിടർന്ന പൂക്കളിതാ…”

എന്ന എക്കാലത്തേയും മനോജ്ഞമായ ഒരു ആശംസാ ഗാനം കൂടി ഈ ചിത്രത്തിന്റെ സംഭാവനയായിരുന്നു .

ഒരുകാലത്ത് റേഡിയോ ശ്രീലങ്കയിൽ സരോജിനി ശിവലിംഗം അവതരിപ്പിച്ചിരുന്ന ആശംസാഗാനങ്ങൾ എന്ന പരിപാടിയിൽ നവദമ്പതികൾക്കായി ഏറ്റവും കൂടുതൽ ശ്രോതാക്കൾ ആവശ്യപ്പെട്ടിരുന്നത് ഈ ഗാനമായിരുന്നുവെന്ന് ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കുമല്ലോ…?

“ജ്വാല ഞാനൊരു ദു:ഖജ്വാല …”
( പി സുശീല )
“താരകപ്പൂവനമറിഞ്ഞില്ല …”
(യേശുദാസ് , പി സുശീല ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങൾ .

കാനം ഇ ജെ യുടെ കഥയ്ക്ക്
എസ് എൽ പുരം സദാനന്ദൻ തിരക്കഥയെഴുതി പ്രേംനസീർ , ഷീല, ശാരദ ,കൊട്ടാരക്കര തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിച്ച
“ജ്വാല ” 1969
ആഗസ്റ്റ് 26 ന് തിയേറ്ററുകളിലെത്തി.

അൻപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും കുടമുല്ലപ്പൂവിന്റെ സൗരഭ്യം പോലെ ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ ഈ ഗാനം ഇന്നും സുഗന്ധം പരത്തുന്നു .