കോട്ടയം രാമപുരത്ത്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിൽ ഏറ്റുമുട്ടി; ആക്രമണം രണ്ട് ചേരികളായി തിരിഞ്ഞ് കമ്പിവടികളുമായി; നിരവധിപ്പേര്‍ക്കു പരിക്ക്
രാമപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്.
രാമപുരം ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്. ഒരുപറ്റം തൊഴിലാളികള്‍ രണ്ടു ചേരികളായി തിരിഞ്ഞ് കമ്പിവടികളുമായി ഏറ്റുമുട്ടിയപ്പോള്‍ നിരവധിപ്പേർക്കു ഗുരുതരമായി പരിക്കുപറ്റുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
രാമപുരം പോലീസും നാട്ടുകാരും ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് സംഘര്‍ഷമുണ്ടായപ്പോള്‍ തടയാനെത്തിയ രാമപുരം പോലീസ് എസ്‌ഐ ഈ കെട്ടിടത്തിന്‍റെ മുകളില്‍നിന്നു വീണ് മരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി റൂമുകളുള്ള ബില്‍ഡിംഗില്‍ നൂറോളം തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഒരു റൂമില്‍ ഇരുപതോളം ആളുകള്‍ വരെയുണ്ട്. യാതൊരു മാനദണ്ഡവുമില്ലാതെ പഞ്ചായത്തില്‍ നിന്നുള്ള ഒരു നിയമവും പാലിക്കാതെയാണ് പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.
കെട്ടിടത്തിന് സമീപത്തായി ഭക്ഷണം പൊതിഞ്ഞ് കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് ഈ പ്രദേശത്തുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വൃത്തിഹീനമായ ഈ സാഹചര്യം ഒഴിവാക്കണമെന്നും ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.