ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി; ‘പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പുലർത്തണം’; ‘എ.ആർ. നഗർ പൂര വെടിക്കെട്ട് വൈകാതെ കാരാത്തോട്ട് തുടങ്ങുമെന്ന് ജലീൽ’
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള പരാതികളും ആക്ഷേപങ്ങളും ഇഡി അന്വേഷിക്കണമെന്നുള്ള ആവശ്യത്തിന് പിന്നാലെയാണ് കെ.ടി. ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ഇരിക്കെയാണ് ജലീലിനെ വിളിപ്പിച്ചത്.
പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ചന്ദ്രിക കേസിൽ പരാതിക്കാരൻ താനല്ലെന്നാണ് ജലീലിൻറെ മറുപടി. ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടിക്കാഴ്ചയ്ക്ക് ശേഷം ജലീൽ കൊച്ചിയിലേക്ക് തിരിച്ചു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇ.ഡിക്ക് മുമ്പാകെ തെളിവുകൾ ഹാജരാകാനാണ് ജലീൽ കൊച്ചിയിലേക്ക് പോയത്. നാലു മണിയോടെ ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തും. വൈകിട്ട് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
മുഖ്യമന്ത്രിയെ കണ്ടെന്നും വിശദമായി കാര്യങ്ങൾ സംസാരിച്ചെന്നും ജലീൽ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ-ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ചമുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണുമെന്നും ജലീൽ പറഞ്ഞു.
‘സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. ‘ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്‌തേനെ’ എന്ന വരികൾ എത്ര പ്രസക്തം! ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എ.ആർ. നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരും!??’ ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘എ.ആർ നഗർ പൂരം ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്നുളള ഇടപെടലിനാൽ വളാഞ്ചേരി നിലയത്തിൽ നിന്നുളള വെടിക്കെട്ടുകൾ താൽകാലികമായി നിർത്തി വെച്ചിരിക്കുന്നു’ എന്ന മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനുള്ള മറുപടി കൂടി ചേർത്തായിരുന്നു ജലീലിന്റെ പോസ്റ്റ്.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള പരാതികളും ആക്ഷേപങ്ങളും പരിഹരിക്കാൻ സംസ്ഥാനത്തു വകുപ്പു തലത്തിൽ തന്നെ സംവിധാനമുള്ളപ്പോൾ ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിൻറെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വവും. ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിൻറെ നടപടിയിൽ പാർട്ടി നേതൃത്വം അദ്ദേഹത്തെ അതൃപ്തിയും അറിയിച്ചു.