ഉദ്ഘാടനത്തിന് പിന്നാലെ ഉണ്ടായ അപകടങ്ങളും മൂകാംബികയിലേക്ക് പുറപ്പെട്ട് ഗോവയില്‍ എത്തിയത് അടക്കമുള്ള വിവാദങ്ങളും പബ്ലിസിറ്റിയായി; റെക്കോർഡ് നേട്ടവുമായി കെ സ്വിഫ്റ്റ്; 55775 യാത്രക്കാരുമായി 1078 യാത്രകള്‍; ഒരു മാസത്തിനിടെ സ്വിഫ്റ്റിന്റെ വരുമാനം 3,01,62,808 രൂപ; വന്‍ വിജയമെന്ന് കെഎസ്ആര്‍ടിസി
സ്വന്തം ലേഖിക
തിരുവനന്തപുരം: ഉദ്ഘാടനത്തിന് പിന്നാലെ ഉണ്ടായ അപകടങ്ങളും മൂകാംബികയിലേക്ക് പുറപ്പെട്ട് ഗോവയില്‍ എത്തിയത് അടക്കമുള്ള വിവാദങ്ങളും കത്തി നില്‍ക്കുമ്പോഴും സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകളില്‍ വിജയക്കുതിപ്പിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസ്.
സംസ്ഥാന സര്‍ക്കാര്‍ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ ഒരു മാസത്തെ വരുമാനക്കണക്ക് പുറത്ത് വിട്ടുകൊണ്ടാണ് വിജയകരമെന്ന് അധികൃതര്‍ വിലയിരുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മാസം പിന്നിട്ടപ്പോള്‍ സ്വിഫ്റ്റിന്റെ വരുമാനം 3,01,62,808 രൂപയാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 549 ബസുകള്‍ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോള്‍ സ്വിഫ്റ്റ് ബസ് പദ്ധതി വന്‍ വിജയത്തോടെയാണ് മുന്നേറുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുള്ള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തില്‍ 17 സര്‍വീസും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ച് സര്‍വീസും, എസി സ്ലീപ്പര്‍ വിഭാഗത്തില്‍ നാല് സര്‍വീസുകളുമാണ് ദിനംപ്രതിയുള്ളത്.
കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പര്‍ ബസ് ഒരു ദിവസം ഓടുന്നത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സര്‍വീസും, പത്തനംതിട്ട-ബംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.
നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂര്‍ ഒന്ന്, നിലമ്പൂര്‍-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂര്‍ ഒന്ന്, തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂര്‍ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂര്‍-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂര്‍ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം-മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്. സീസണ് സമയങ്ങളില്‍ യാത്രക്കാരുടെ തിരക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്.
ഉദ്ഘാടന ദിവസം മുതലുണ്ടായ അപകടങ്ങളെത്തുടര്‍ന്ന് സ്വിഫ്റ്റ് സര്‍വീസ് നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
സര്‍വിസ് ആരംഭിച്ചതുമുതല്‍ മുന്‍വിധിയോടെ ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും സ്വിഫ്റ്റിനെ തകര്‍ക്കാനുള്ള മനഃപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്വിഫ്റ്റിന്റെയും സ്വകാര്യ ബസുകളുടെയും ബെംഗളുരു-എറണാകുളം റൂട്ടിലെ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകളുടെ നിരക്കുകള്‍ പറഞ്ഞുകൊണ്ടുള്ള കുറിപ്പ്, സ്വകാര്യ ബസുകാരുടെ വെള്ളി-ഞായര്‍ കൊള്ള യാത്രക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കെ സിഫ്റ്റിനെ ലക്ഷ്യമിട്ടുള്ള വിവാദങ്ങള്‍ സര്‍വീസിന്റെ പബ്ലിസിറ്റി വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.