നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു: തീയും പുകയും ഉയർന്നത് ബേക്കർ ജംഗ്ഷനിൽ വന്ന ഓർഡിനറി ബസിൽ; നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്

നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു: തീയും പുകയും ഉയർന്നത് ബേക്കർ ജംഗ്ഷനിൽ വന്ന ഓർഡിനറി ബസിൽ; നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്

സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാരെ ബസിനുള്ളിൽ നിന്നും അതിവേഗം പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ബേക്കർ ജംഗ്ഷനിലായിരുന്നു അപകടം.
കോട്ടയത്തു നിന്നും ചേർത്തലയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി  ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന്റെ ബോണറ്റിന്റെ ഭാഗത്തു നിന്നും തീയും പുകയും ഉയരുകയായിരുന്നു. നിറയെ യാത്രക്കാരുമായി എത്തിയ ബസ് ബേക്കർ ജംഗ്ഷനിലെ കയറ്റം കയറുമ്പോഴാണ് തീയും പുകയും കണ്ടത്. ഉടൻ തന്നെ ബേക്കർ ജംഗ്ഷനിലെ സ്റ്റോപ്പിൽ ബസ് നിർത്തി യാത്രക്കാരെ മുഴുവനും ഇറക്കി.
ഇതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിച്ചു. ഇവർ സ്ഥലത്ത് എത്തി തീ കെടുത്തിയതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമായത്.
തുടർന്ന് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽ നിന്നും ഡിപ്പോ എൻജിനീയർ അടക്കമുള്ളവർ സ്ഥലത്ത് എത്തി. ബസിനുള്ളിലുണ്ടായ ഷോർട്ടിംങിനെ തുടർന്നാണ് തീ പിടുത്തമുണ്ടാതെന്ന് കണ്ടെത്തി.
തുടർന്ന് ബസ് സ്റ്റാർട്ടാകാതെ വന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ റിക്കവറി വാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് നീക്കുകയായിരുന്നു. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വാഹനം നീക്കാൻ സാധിച്ചത്. ഇതോടെ നഗരത്തിൽ ഒരു മണിക്കൂറോളം വൻ ഗതാഗതക്കുരുക്കും ഉണ്ടായി.