ഞാൻ ചെയ്ത ജോലിയുടെ കൂലി എനിക്ക് നൽകാതെ മരിച്ചു കഴിഞ്ഞ് 5,000 രൂപ വീട്ടിൽ കൊടുത്തു വിട്ട് ദയവു ചെയ്ത് എന്നെ അപമാനിക്കരുത്; പൈസ ഇല്ലെങ്കിൽ കടം വാങ്ങിയെങ്കിലും വീട്ടുകാർ ആ ചടങ്ങ് ചെയ്തു തീർക്കും; ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി അധികൃതർക്ക് രേഖാമൂലം കത്ത് കൊടുത്ത് ജീവനക്കാരൻ

ഞാൻ ചെയ്ത ജോലിയുടെ കൂലി എനിക്ക് നൽകാതെ മരിച്ചു കഴിഞ്ഞ് 5,000 രൂപ വീട്ടിൽ കൊടുത്തു വിട്ട് ദയവു ചെയ്ത് എന്നെ അപമാനിക്കരുത്; പൈസ ഇല്ലെങ്കിൽ കടം വാങ്ങിയെങ്കിലും വീട്ടുകാർ ആ ചടങ്ങ് ചെയ്തു തീർക്കും; ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി അധികൃതർക്ക് രേഖാമൂലം കത്ത് കൊടുത്ത് ജീവനക്കാരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളം വൈകുന്നതിൽ ജീവനക്കാരിൽ ഭൂരിപക്ഷവും കടുത്ത മാനസിക സംഘർഷത്തിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരൻ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഇപ്പോഴിതാ, താൻ മരിച്ചാൽ മരണസഹായ ഫണ്ടായ അയ്യായിരം രൂപ തന്റെ വീട്ടിലെത്തിച്ച് അപമാനിക്കരുത് എന്ന് കെഎസ്ആർടിസി അധികൃതർക്ക് രേഖാമൂലം കത്ത് കൊടുത്തിരിക്കുകയാണ് ഒരു ജീവനക്കാരൻ.

തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ ഷിബുവാണ് അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർക്ക് രേഖാമൂലം കത്ത് കൊടുത്തത്. ചെയ്ത ജോലിയുടെ കൂലി നൽകാതെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ 5,000 രൂപ വീട്ടിൽ കൊടുത്തു വിട്ട് തന്നെ അപമാനിക്കരുതെന്നാണ് കത്തിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളം കിട്ടാത്ത മാനസിക വിഷമം മൂലം കുഴഞ്ഞു വീണ് മരിച്ച സുഹൃത്തിന് സമയത്തിന് കൂലി നൽകാതെ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ മരണ ശേഷം സംസ്കാര ചടങ്ങുകൾക്കായി 5000 രൂപ അദ്ദേഹത്തിന്റെ ബന്ധുക്കളെ ഏൽപ്പിച്ചു. ഇത്തരത്തിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ 5,000 രൂപ വീട്ടിൽ കൊടുത്തു വിട്ട് അപമാനിക്കരുതെന്നും പൈസ ഇല്ലെങ്കിൽ കടം വാങ്ങിയെങ്കിലും വീട്ടുകാർ ആ ചടങ്ങ് ചെയ്തു തീർക്കുമെന്നുമാണ് ഷിബു കത്തിൽ പറയുന്നത്.

കത്തിന്റെ പൂർണ രൂപം ഇങ്ങനെ…

ഞാൻ കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്തു വരികയാണ്. ഞാൻ കഴിഞ്ഞ മാസം 30 ദിവസം ചെയ്ത ജോലിയുടെ കൂലി ഇതുവരെ ലഭിച്ചിട്ടില്ല. കെഎസ്ആർടിസിയിലെ മറ്റു തൊഴിലാളികളെ പോലെ ഞാനും മാനസികമായി വളരെ ബുദ്ധിമുട്ടുകയും സമൂഹത്തിലും യാത്രക്കാരുടെ മുമ്പിലും അപഹാസ്യനാവുകയാണ്.

ഈ അടുത്ത് എൻറെ ഒരു സുഹൃത്ത് ചെയ്ത ജോലിയുടെ കൂലി കിട്ടാതെ മാനസിക വിഷമം മൂലം കുഴഞ്ഞു വീഴുകയും ഹോസ്പിറ്റലിൽ കൊണ്ടുപോയ അദ്ദേഹം പിറ്റേദിവസം മരണപ്പെടുകയുണ്ടായി. വിവിധ അസുഖങ്ങൾക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഈ സംഭവത്തിനു മുമ്പ് മറ്റൊരു സുഹൃത്തിനെ വിളിച്ച് ആയിരം രൂപ വായ്പ ചോദിച്ചിരുന്നു.

ചെയ്ത ജോലിയുടെ കൂലി യഥാസമയം നൽകാതെ അദ്ദേഹം മരണപ്പെട്ട് ശേഷം 5000 അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങിനായി കെഎസ്ആർടിസി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ബന്ധുക്കളെ ഏൽപ്പിച്ചു. ജീവിച്ചിരുന്നപ്പോൾ ചെയ്ത ജോലിയുടെ കൂലി നൽകാതെ അദ്ദേഹത്തിൻറെ മരണശേഷം നൽകിയ ഈ തുക തികച്ചും അവഹേളനമായി തോന്നുന്നു.

ആയതിനാൽ ഞാൻ ചെയ്ത ജോലിയുടെ കൂലി എനിക്ക് നൽകാതെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ 5,000 രൂപ വീട്ടിൽ കൊടുത്തു വിട്ട് ദയവു ചെയ്ത് എന്നെ അപമാനിക്കരുത്. പൈസ ഇല്ലെങ്കിൽ കടം വാങ്ങിയെങ്കിലും വീട്ടുകാർ ആ ചടങ്ങ് ചെയ്തു തീർക്കും. ജീവിച്ചിരിക്കുമ്പോൾ ചെയ്ത കൂലിയുടെ കൂലി യഥാസമയം തരാതെ സുഹൃത്തിനു മുൻപിലും ബന്ധുക്കൾക്ക് മുമ്പിലും അപഹാസ്യരാക്കുന്നവരിൽ നിന്നും ജീവൻ വെടിഞ്ഞ ശേഷം നൽകുന്ന സഹായം ഞാൻ ആഗ്രഹിക്കുന്നില്ല.