മേയര്‍ – കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം ; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും ജിപിഎസും മാസങ്ങളായി പ്രവര്‍ത്തനരഹിതം ; പരിശോധന നടത്തി മോട്ടോര്‍വാഹന വകുപ്പ്

മേയര്‍ – കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം ; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും ജിപിഎസും മാസങ്ങളായി പ്രവര്‍ത്തനരഹിതം ; പരിശോധന നടത്തി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം : കെഎസ്‌ആർടിസി ‌ഡ്രൈവർ – മേയർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. ഡ്രൈവർ യദു ഓടിച്ച സൂപ്പർ ഫാസ്റ്റ് ബസിന്റെ സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.

മേയർ ആര്യാ രാജേന്ദ്രനും യദുവും തമ്മിലുളള തർക്കത്തില്‍ പൊലീസിന്റെ ആവശ്യപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസില്‍ നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങള്‍ കണ്ടെത്തിയത്. രണ്ട് മാസമായി ബസിന്റെ സ്‌പീഡ് ഗവർണർ ഇളക്കിയിട്ടിരിക്കുകയാണെന്നും ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് കേസ്. ഓവർടേക്കിംഗുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും മേയർ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യദു കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയതിന് എംഎല്‍എയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്. ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും യദു പരാതി നല്‍കിയിട്ടുണ്ട്. ഇവർക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് യദു കോടതിയെ സമീപിച്ചത്.

മേയറും ഭർത്താവ് സച്ചിൻ ദേവും കാർ കുറുകെയിട്ട് കെഎസ്‌ആർടിസി ബസ് തടഞ്ഞത് വൻവിവാദമായിരുന്നു. തുടർന്ന് യദു നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തില്‍ കോടതി നിർദ്ദേശപ്രകാരം ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആര്യാ രാജേന്ദ്രനടക്കം അഞ്ച് പേർക്കെതിരെയാണ് കേസ്. യദുവിന്റെ കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ കന്റോണ്‍മെന്റ് പൊലീസിന് നിർദ്ദേശം നല്‍കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഐപിസി 353 വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.