അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഹാൻഡിലിൽ തട്ടി; ബസിനടിയിലേയ്ക്കു തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം; സംഭവം ചിങ്ങവനം പുത്തൻപാലത്ത്

അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഹാൻഡിലിൽ തട്ടി; ബസിനടിയിലേയ്ക്കു തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം; സംഭവം ചിങ്ങവനം പുത്തൻപാലത്ത്

തേർഡ് ഐ ബ്യൂറോ
കോട്ടയം: അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ഹാൻഡിലിൽ തട്ടി, ബസിനടിയിലേയ്ക്കു വീണ യുവാവിന് ദാരുണാന്ത്യം.
ചിങ്ങവനം മമ്പലത്ത് ഓപ്പൺ കിച്ചണിലെ ജീവനക്കാരൻ വാഗമൺ ഹരിജൻ കോളനിയിൽ സോഫിയ മൻസിലിൽ സെൽവന്റെ മകൻ റോബിൻ എസ് (21) ആണ് മരിച്ചത്.
റോഡരികിൽ ബൈക്ക് വച്ച ശേഷം അക്വേറിയത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച മീനുകളെ നോക്കുകയായിരുന്നു റോബിൻ. ഇതിനിടെയാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ചിങ്ങവനം പുത്തൻപാലത്തായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും ഈരാറ്റുപേട്ടയിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിനിടയാക്കിയത്.
വീടുകളിൽ ഭക്ഷണസാധനങ്ങൾ ഓർഡർ അനുസരിച്ച് എത്തിച്ചു നൽകുന്ന ജോലിയാണ് റോബിൻ ചെയ്യുന്നത്. ചിങ്ങവനം ഭാഗത്ത് ഓർഡർ നൽകിയ ശേഷം തിരികെ ഓഫിസിലേയ്ക്കു മടങ്ങിയെത്തുകയായിരുന്നു റോബിൻ.
ഇതിനിടെ റോഡരികിൽ വിൽപ്പനയ്ക്കു വച്ചിരുന്ന മീൻകുഞ്ഞുങ്ങളെ നോക്കി റോബിൻ നിന്നു. ഈ സമയം എം.സി റോഡിലൂടെ എത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം റോബിന്റെ ബൈക്കിന്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു.
ബൈക്കിൽ നിന്നു തെറിച്ച റോബിൻ ബസിന്റെ അടിയിലേയ്ക്കാണ് വീണത്. പരിക്കേറ്റ റോബിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊലീസ് വാഹനത്തിലാണ് റോബിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.