play-sharp-fill
കെഎസ്ഇബിയുടെ വക ഇരുട്ടടി; രണ്ട് മുറി വീട്ടിൽ 17,044 രൂപ വൈദ്യുത ബിൽ; പിന്നാലെ വൈദ്യുത ബന്ധം വിച്ഛേദിച്ച് ബോർഡ്

കെഎസ്ഇബിയുടെ വക ഇരുട്ടടി; രണ്ട് മുറി വീട്ടിൽ 17,044 രൂപ വൈദ്യുത ബിൽ; പിന്നാലെ വൈദ്യുത ബന്ധം വിച്ഛേദിച്ച് ബോർഡ്

സ്വന്തം ലേഖകൻ
തിരുവല്ല: വെറും രണ്ടുമുറി മാത്രമുള്ള വീടിന് കെഎസ്ഇബി നൽകിയ വൈദ്യുതി ബിൽ 17,044 രൂപ. പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും ബോർഡ് വിച്ഛേദിച്ചു. പെരിങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരി വീട്ടിൽ വിജയനും കുടുംബവും ബോർഡിൻറെ മണിപ്പുഴ സെക്ഷൻ നൽകിയ അപ്രതീക്ഷിത ഇരുട്ടടിയിൽ പകച്ചിരിക്കുകയാണ്. വയോധികയും ഹൃദ്രോഗിയുമായ മാതാവും, വിജയനും ഭാര്യയും, വിദ്യാർത്ഥികളായ രണ്ടു മക്കളുമാണ് ഇവിടെ താമസം. രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമാണ് പ്രവർത്തിക്കുന്നത്. വിജയൻറെ ജേഷ്ഠ സഹോദരൻ രമേശന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 രൂപയിൽ താഴെ മാത്രമായിരുന്ന കറണ്ട് ബില്ലിൽ ഇത്തവണ വന്നത് 17,044 രൂപയാണ്. ഇതേ തുടർന്നു വിജയൻ കാവുംഭാഗം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ പരാതി നൽകി. അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധന നടത്തി വീട്ടിലെ മീറ്ററിന്റെ ചിത്രവും പകർത്തി നൽകാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പരിശോധന നടത്തിയ ഇലക്ട്രീഷ്യൻ വയറിങ് തകരാറുകൾ ഇല്ലെന്ന് അറിയിച്ചു.

രണ്ടുദിവസത്തിനകം ഉദ്യോഗസ്ഥർ വിജയൻറെ വീട്ടിലെത്തി മറ്റൊരു മീറ്റർ കൂടി സ്ഥാപിച്ചു. രണ്ടുദിവസത്തിനുശേഷം എത്തിയ ഉദ്യോഗസ്ഥൻ പഴയ മീറ്ററിന് തകരാറുകൾ ഒന്നുമില്ലെന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെ എടുത്തു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ 2 ലൈൻമാൻമാരെത്തി വൈദ്യുതി വിച്ഛേദിക്കുന്നത്. മാതാവിൻറെ ആരോഗ്യനില മോശമാണെന്നും മക്കളുടെ പരീക്ഷകാലം കൂടി പരിഗണിച്ച് വൈദ്യുതി വിച്ഛേദിക്കരുതെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് വിജയൻ പറഞ്ഞു.

കൂലിപ്പണി ചെയ്തു ജീവിക്കുന്ന തനിക്ക് ഇത്രയും ഭീമമായ തുക അടയ്ക്കാൻ നിവർത്തി ഇല്ലെന്നും ബന്ധപ്പെട്ട അധികൃതർ ഇതിനു വേണ്ടുന്ന നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നുമാണ് കുടുംബത്തിൻറെ ആവശ്യം. ഇതുസംബന്ധിച്ച് പ്രതികരണത്തിനായി കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ നിഷേധാത്മക മറുപടിയാണ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :