play-sharp-fill
കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യപ്ലാന്റിനെതിരേ ജനകീയ പ്രതിഷേധം ശക്തം; സ്ത്രീകൾക്കും കുട്ടികൾക്കും നേരേ പോലിസ് അതിക്രമം, കോർപറേഷനിൽ പരിധിയിൽ നാളെ ഹർത്താൽ

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യപ്ലാന്റിനെതിരേ ജനകീയ പ്രതിഷേധം ശക്തം; സ്ത്രീകൾക്കും കുട്ടികൾക്കും നേരേ പോലിസ് അതിക്രമം, കോർപറേഷനിൽ പരിധിയിൽ നാളെ ഹർത്താൽ

കോഴിക്കോട്: കോതിയിൽ കോഴിക്കോട് കോർപറേഷന്റെ മാലിന്യസംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരേ നാട്ടുകാർ ഇന്നും പ്രതിഷേധത്തിൽ. മലിനജല ശുചീകരണ സംസ്കരണ പ്ലാന്റിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. രാവിലെ മുതൽ പ്രദേശത്തെ പദ്ധതി പ്രദേശത്തേയ്ക്കുള്ള പ്രധാന റോഡ് ഉരോധിച്ചാണ് നാട്ടുകാരുടെ സമരം. റോഡിൽ ടയർ കത്തിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് മരത്തടി കൂട്ടി തടയുകയും ചെയ്തു. വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെയുള്ളവർ നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

റോഡ് ഉപരോധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ച സ്ത്രീകളെ വലിച്ചിഴച്ച് മാറ്റി. ഇവരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പോലിസിന്റെ മർദ്ദനമേറ്റെന്നു നാട്ടുകാർ ആരോപിച്ചു. പോലിസ് സുരക്ഷയിൽ മാലിന്യപ്ലാന്റ് നിർമാണം തുടരാനാണ് കോർപറേഷൻ ശ്രമം. ജനങ്ങൾ ഏറെ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് കോർപറേഷന്റെ പ്ലാന്റ് നിർമാണം. ഇതിനെതിരേ തുടക്കം മുതൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
കോർപറേഷന്റെ ഇടപെടലുകൾക്കെതിരേ ഇന്നലെയും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

ഇന്നലെ പ്ലാന്റ് നിർമാണത്തിന് മേൽനോട്ടം വഹിക്കാനെത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും സമരക്കാർ തടഞ്ഞിരുന്നു. എന്തുസംഭവിച്ചാലും പ്ലാന്റിന്റെ നിർമാണത്തിനാവശ്യമായ സാധനങ്ങളുമായി ഒരു വാഹനത്തെയും കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ആറ് അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള പോലിസ് സേനയാണ് കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ നൽകാനായുണ്ടായിരുന്നത്. കല്ലായിപ്പുഴയുടെ തീരത്താണ് ഈ മാലിന്യ പ്ലാന്റ് വരുന്നത്. പദ്ധതിയിൽ ചട്ടലംഘനമുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്റ് നിർമാണമെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും സമരസമിതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group