കൊവിഡിനെ മറികടന്നെന്ന് അഹങ്കരിക്കരുത് കോട്ടയമേ..! പച്ചയിൽ നിന്നും ചുവപ്പിലെത്തിയ കോട്ടയം കരുതിയിരിക്കണം: പന്ത്രണ്ടു പേർ നെഗറ്റീവായത് അഹങ്കാരമായി എടുക്കരുത്; ഇന്ന് കോട്ടയത്ത് കണ്ട ശുഭപ്രതീക്ഷ റോഡിലിറങ്ങി തെക്ക് വടക്ക് നടക്കാനുള്ളതല്ല

കൊവിഡിനെ മറികടന്നെന്ന് അഹങ്കരിക്കരുത് കോട്ടയമേ..! പച്ചയിൽ നിന്നും ചുവപ്പിലെത്തിയ കോട്ടയം കരുതിയിരിക്കണം: പന്ത്രണ്ടു പേർ നെഗറ്റീവായത് അഹങ്കാരമായി എടുക്കരുത്; ഇന്ന് കോട്ടയത്ത് കണ്ട ശുഭപ്രതീക്ഷ റോഡിലിറങ്ങി തെക്ക് വടക്ക് നടക്കാനുള്ളതല്ല

ഏ കെ ശ്രീകുമാർ

കോട്ടയം: കഴിഞ്ഞ ഏപ്രിൽ 20 വരെ കോട്ടയം സേഫ് സോണിലായിരുന്നു. പക്ഷേ, അതിവേഗമാണ് കോട്ടയം അപകടത്തിന്റെ ചുവപ്പ് സിഗ്നൽ കണ്ട് അപായത്തിലേയ്ക്കു നീങ്ങിയത്. ഒറ്റ ദിവസം കൊണ്ട് പൂജ്യത്തിൽ നിന്നും പോസിറ്റീവിലേയ്ക്കു നീങ്ങിയ കോട്ടയം ലോക്ക് ഡൗണിലെ ചുവപ്പ് സോണിലേയ്ക്കു വീണു. മൂന്നു ദിവസം കൊണ്ട് ജില്ലയിൽ 18 പേരാണ് രോഗം ബാധിച്ച് ആശുപത്രിയിലായത്.

കോട്ടയത്തുകാരുടെ അഹങ്കാരമല്ലാതെ മറ്റൊന്നുമല്ല ഈ രോഗ സ്ഥിതി മൂർച്ഛിച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഏപ്രിൽ 20 മുതൽ കോട്ടയത്ത് ഇളവുകൾ ലഭിക്കുമെന്നതു കേട്ട് ആയിരക്കണക്കിന് ആളുകളാണ് വാഹനവുമായി റോഡിൽ അന്ന് ഇറങ്ങിയിരുന്നത്. മാസ്‌ക് വയ്ക്കാതെ മതിയായ കാരണങ്ങളില്ലാതെ ആളുകൾ റോഡിലിറങ്ങിയതിന്റെ പിറ്റേന്നു തന്നെ കോട്ടയത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. റോഡുകൾ അടച്ചു പൂട്ടി. തൊട്ടടുത്ത ദിവസം എട്ടു പഞ്ചായത്തുകൾ ഹോട്ട് സ്‌പോട്ടിലുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തു ദിവസം വീണ്ടും അടച്ചിട്ട് വീടിനുള്ളിൽ അടങ്ങിയിരുന്ന കോട്ടയം വീണ്ടും നിരത്തിൽ ഇറങ്ങിയ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. തിങ്കളാഴ്ച ജില്ലയിൽ ചെറിയ ഇളവുകൾ ലഭിച്ചതോടെ കോട്ടയം നഗരവാസികൾ വണ്ടിയുമായി തെരുവിലിറങ്ങി. പലരും മാസ്‌ക് ധരിച്ചിരുന്നുമില്ല. സെൻട്രൽ ജംഗ്ഷനിൽ രാവിലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അടക്കമുള്ളവർ റോഡിലിറങ്ങി നിന്നാണ് വാഹന ഗതാഗതം നിയന്ത്രിച്ചത്.

കോട്ടയം ചന്തയിലേയ്ക്കു എം.ജി റോഡിലൂടെ മാത്രമായിരുന്നു വാഹനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ, ഈ റോഡിൽ പൊലീസും ആരോഗ്യ പ്രവർത്തകരും നിന്ന് ഗതാഗതം നിയന്ത്രിക്കുകയും എത്തുന്ന ആളുകളെ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇവരെ മാർക്കറ്റിനുള്ളിലേയ്ക്കു പ്രവേശിക്കാൻ അനുവദിച്ചത്. എന്നാൽ, ഈ നിയന്ത്രണങ്ങളൊന്നും ആരേയും ബാധിച്ചിരുന്നില്ലെന്നാണ് ഇവിടെ നിന്നുള്ള കാഴ്ചകൾ വ്യക്തമാക്കുന്നത്.

വൈകിട്ടു വന്ന കണക്കുകൾ പ്രകാരം ജില്ലയിൽ ചികിത്സയിലിരുന്ന  12 പേർ രോഗ വിമുക്തരായിട്ടുണ്ട്. ഇത് കൂടുതൽ ആളുകൾക്ക് തെരുവിൽ ഇറങ്ങാൻ പ്രചോദനം നൽകുന്നതാണ്. എന്നാൽ, ഇത്തരത്തിൽ ആളുകൾ കൂട്ടത്തോടെ തെരുവിലിറങ്ങുന്നത് രോഗ വ്യാപന സാധ്യത ഇരട്ടിയാക്കും. ഇത് മനസിലാക്കാതെയാണ് ആളുകൾ വ്യാപകമായി റോഡിലേയ്ക്കിറങ്ങുന്നത്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുക തന്നെ വേണ്ടി വരും.

ഒരാൾ പോലും ചികിത്സയിലില്ലാത്ത പച്ചയിൽ നിന്നും 18 പേർ ചികിത്സയിലുള്ള ചുവപ്പിലേയ്ക്കു കോട്ടയം എത്തിയത് അതിവേഗമാണ്. ഈ സാഹചര്യം ഒഴിവാക്കാൻ ഇനി അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും തന്നെ വേണ്ടി വരും. ജാഗ്രത കൈവിട്ടു പോയാൽ എന്തു സംഭവിക്കും എന്നു കോട്ടയം ഒരു തവണ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനി ഒരു വിട്ടുവീഴ്ചയ്ക്കു കോട്ടയത്തു സമയമില്ല.