കോട്ടയം ജില്ലയ്ക്ക് ആശ്വാസദിനം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന 12 രോഗികൾ രോഗവിമുക്തർ; കോട്ടയം പച്ചപിടിക്കുന്നു..!

കോട്ടയം ജില്ലയ്ക്ക് ആശ്വാസദിനം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന 12 രോഗികൾ രോഗവിമുക്തർ; കോട്ടയം പച്ചപിടിക്കുന്നു..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലയ്ക്ക് കൊറോണക്കാലത്ത് ഏറ്റവും ആശ്വാസം നൽകുന്ന വാർത്ത പുറത്ത്. ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 12 പേർ കൂടി രോഗ വിമുക്തരായി എന്ന വാർത്തയാണ് ഇന്ന് ഏറെ ആശ്വാസമായി പുറത്തു വരുന്നത്. നിലവിൽ 17 പേരാണ് കോട്ടയം ജില്ലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി.

ഇതില്‍ 11 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രയിലുമാണ്. ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതോടെ കോട്ടയം ജില്ലയില്‍ അശുപത്രി നിരീക്ഷണത്തില്‍ ശേഷിക്കുന്നത് അഞ്ചു പേര്‍ മാത്രമാകും. ഇവരും ഇടുക്കി ജില്ലയില്‍നിന്നുള്ള ഒരാളും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയും രോഗവിമുക്തരായവരില്‍ ഉള്‍പ്പെടുന്നു.

രോഗവിമുക്തരായവരുടെ പട്ടിക ചുവടെ

1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴലാളി(37) വിജയപുരം സ്വദേശി

2. ആദ്യം രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി

3. തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന കുഴിമറ്റം സ്വദേശി(33)

4. കുഴിമറ്റം സ്വദേശിയായ നഴ്സിന്‍റെ അമ്മ(60)

5. കുഴിമറ്റം സ്വദേശിയായ നഴ്സിന്‍റെ ബന്ധുവായ സ്ത്രി(55)

6. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകന്‍(40)

7. കോട്ടയം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍(32)

8. വിദേശത്തുനിന്ന് വന്ന സംക്രാന്തി സ്വദേശിനി(55)

9. അന്തര്‍ സംസ്ഥാന ലോറി ഡ്രൈവറായ മണര്‍കാട് സ്വദേശി(50)

10. കോഴിക്കോട് പോയിവന്ന മണര്‍കാട് സ്വദേശിയായ ട്രക് ഡ്രൈവര്‍(43)

11. ചങ്ങനാശേരിയില്‍ താമസിക്കുന്ന തൂത്തുക്കുടിയില്‍നിന്നുന്ന തമിഴ്നാട് സ്വദേശി(56)

12. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28)

കഴിഞ്ഞ ഏപ്രിൽ 21 മുതലാണ് കോട്ടയം ജില്ലയെ പച്ചയിൽ നിന്നും ചുവപ്പിലേയ്ക്കു വലിച്ചിട്ട കൊറോണ ബാധ ഉണ്ടായത്. കോട്ടയം പച്ചക്കറി മാർക്കറ്റിലെ പഴക്കടയിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിയ ലോറിയിലാണ് കൊറോണ എത്തിയത്. പിന്നാലെ കോട്ടയം മാർക്കറ്റിലെ തന്നെ രണ്ടു ചുമട്ട് തൊഴിലാളികൾക്കു രോഗം സ്ഥിരീകരിച്ചു. ഇതിനു ശേഷം പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകനും, കോട്ടയം ജനറൽ ആശുപത്രിയിലെ ഒളശ സ്വദേശിയായ ആരോഗ്യ പ്രവർത്തകനും, പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകനും, കിടങ്ങൂരിലെ ആരോഗ്യ പ്രവർത്തകയും അടക്കം രോഗം സ്ഥിരീകരിച്ചു.

ഒരു ദിവസം ആറു പേർക്കു വരെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനു പിന്നാലെ ജില്ലയിൽ അതീവ ജാഗ്രത തുടരുകയും ചെയ്തു. എന്നാൽ, ഇതിനു പിന്നാലെയാണ് കോട്ടയത്ത് അതീവ ജാഗ്രതാ സന്ദേശം എത്തിയത്. തുടർന്നു രോഗികളെ എല്ലാം ആശുപത്രിയിലാക്കുകയും, കോട്ടയം അതീവ ജാഗ്രതയിലേയ്ക്കു നീങ്ങുകയും ചെയ്തു. ഇതിൽ നിന്നാണ് കോട്ടയം ജില്ല ഇപ്പോൾ അതി വേഗം രോഗവിമുക്തമാക്കുന്നത്.

നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചു പേർ മാത്രമാണ് ചികിത്സയിലുള്ളത്. കോട്ടയം ജനറൽ ആശുപത്രിയിൽ ഒരാളും. നിലവിൽ രോഗം നെഗറ്റീവാണ് എന്നു കണ്ടെത്തിയ രോഗികളെ അടുത്ത ദിവസം വിശദമായ പരിശോധനയ്ക്കു ശേഷം ആശുപത്രിയിൽ നിന്നും വിട്ടയക്കും. എന്നാൽ ഇവരുടെ സ്ഥിതി ക്ൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഇവരെ ആശുപത്രിയിൽ നിന്നും വിട്ടയക്കൂ.

രോഗവിമുക്തരായ 11 പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലാണ്. നാളെ ഡിസ്ചാര്‍ജ്ജ് ചെയ്യും.

രോഗവിമുക്തരായവരുടേതുള്‍പ്പെടെ 34 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. എല്ലാം നെഗറ്റീവ്.

പുറത്തു പോയാലും ഇവർ 14 ദിവസം ക്വാറന്റൈനിൽ തന്നെ കഴിയേണ്ടി വരും. ഇത്തരത്തിൽ ക്വാറന്റൈനിൽ കഴിയുമ്പോഴും ഇവർക്കു രോഗം ഇല്ലെന്നു ഉറപ്പാക്കുന്നതിനുള്ള പരിശോധനയും നടത്തും.