കോട്ടയം കുമരകത്ത് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ചിട്ട് നിർത്താതെ പോയി ; യാത്രക്കാരായ യുവതികൾക്ക് പരുക്ക്, കേസെടുത്ത് പൊലീസ്.
കുമരകം : ആറ്റാമംഗലം പള്ളിക്കു സമീപം സ്കൂട്ടറില്‍ യാത്ര ചെയ്ത സ്ത്രീകളെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ പരിക്കേറ്റ രണ്ടു സ്ത്രീകളെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുമരകം മൂന്നാം വാര്‍ഡില്‍ മങ്കുഴിയില്‍ കാരിക്കത്ര വീട്ടില്‍ സനോയിയുടെ ഭാര്യ ബീന (47), സഹോദരൻ ബിജോയിയുടെ ഭാര്യ ജെയ്സമ്മ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബീനയുടെ കൈയ്ക്കാണ് പരിക്ക്. ജെയ്സമ്മയുടെ തലയ്ക്കും. സ്ത്രീകള്‍ രണ്ടാം കലുങ്കിനു സമീപമുള്ള പള്ളിയില്‍പോയി മടങ്ങവേ കാരിക്കത്ര പാലത്തിലേക്കുള്ള വഴിയില്‍ പ്രവേശിക്കാൻ സിഗ്നല്‍ ഇട്ട് തിരിയുമ്പോൾ കിഴക്കുനിന്നു വന്ന കാര്‍ സ്കൂട്ടര്‍ ഇടിച്ചിട്ടു കടന്നുകളയുകയായിരുന്നു. ഇടിച്ച കാര്‍ തിരിച്ചറിയാൻ കുമരകം പാേലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ കുമരകം ഗവണ്‍മെന്‍റ് ആശുപത്രിയിലും പിന്നീട് ബന്ധുക്കളുടെ സഹായത്താേടെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.