
കോട്ടയം: ആരെയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി കോടികള്‍ തട്ടുന്ന ഇറിഡിയം തട്ടിപ്പ് സംഘം സംസ്ഥാനത്ത് വ്യാപകമാകുന്നു. ഇത്തരത്തിൽ തട്ടിപ്പിൽ വീഴുന്ന ഇരകളെ ഭീഷണിപ്പെടുത്തി പരാതികളില്‍ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഇവരുടെ പതിവ്.
റിസർവ് ബാങ്കില്‍ നിന്ന് 5,000 കോടി രൂപ ഉടൻ എത്തുമെന്നും പരാതി നല്‍കാത്തവർക്ക് മാത്രം വിഹിതം നല്‍കുമെന്നുമാണ് തട്ടിപ്പുകാരുടെ പുതിയ പ്രചാരണം.
1.60 കോടി രൂപ നഷ്ടപ്പെട്ട ഇരയോട്, പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പോലും 10 കോടി രൂപ നല്‍കാമെന്ന് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം, കരുനാഗപ്പള്ളി സ്വദേശിനികളായ രണ്ട് സ്ത്രീകളെ മുൻനിർത്തിയാണ് പരാതിക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. പണം ഉടൻ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇവർ ഇരകളെ നേരിട്ടും ഫോണിലും ബന്ധപ്പെടുന്നു. കോടികള്‍ കൈമാറാൻ ഫണ്ട് മൂവിങ് ചാർജ് എന്ന പേരില്‍ ലക്ഷങ്ങള്‍ വീണ്ടും തട്ടിയെടുക്കുന്നു. പണം നല്‍കാൻ കഴിയാത്തവർ നേരിട്ട് നാസിക്കിലെ ആർ.ബി.ഐ ഓഫീസില്‍ പോകണമെന്നാണ് സംഘം പറയുന്നത്.
തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് പണമായിട്ടാണ്. പരാതിപ്പെട്ടാല്‍ ബാങ്ക് വഴി നല്‍കിയ ചെറിയ തുക മാത്രമേ തിരികെ കിട്ടുകയുള്ളൂവെന്നും, ആദായനികുതി വകുപ്പ് നടപടിയുണ്ടാകുമെന്നും പറഞ്ഞ് ഇരകളെ സംഘം ഭയപ്പെടുത്തുന്നു.
നിലവില്‍ 50 ലക്ഷം രൂപ നഷ്ടപ്പെട്ട കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ പ്രതിയായ ഹരിപ്പാട് സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ കോട്ടയം വെസ്റ്റ് പോലീസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയുടെ ബാങ്ക് ഇടപാടുകളെക്കുറിച്ചും മറ്റ് തട്ടിപ്പുകളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.








