കോട്ടയത്തെ വിൻസർ കാസിലിനു പിന്നാലെ പൊൻകുന്നത്തെ കൊട്ടാരം ബേക്കറിയിലും പഴകിയ ഭക്ഷണം: വിൻസർ കാസിലിൽ പഴകിയ ഭക്ഷണം പിടികൂടിയെങ്കിൽ, കൊട്ടാരം ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ചവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ബേക്കറി അടച്ചു പൂട്ടിച്ച് ഡിവൈഎഫ്‌ഐ; പേര് മുക്കി മനോരമ അടക്കമുള്ള മാധ്യമങ്ങൾ

കോട്ടയത്തെ വിൻസർ കാസിലിനു പിന്നാലെ പൊൻകുന്നത്തെ കൊട്ടാരം ബേക്കറിയിലും പഴകിയ ഭക്ഷണം: വിൻസർ കാസിലിൽ പഴകിയ ഭക്ഷണം പിടികൂടിയെങ്കിൽ, കൊട്ടാരം ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ചവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ബേക്കറി അടച്ചു പൂട്ടിച്ച് ഡിവൈഎഫ്‌ഐ; പേര് മുക്കി മനോരമ അടക്കമുള്ള മാധ്യമങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ വിൻസർ കാസിൽ ഹോട്ടലിനു പിന്നാലെ പൊൻകുന്നത്തെ കൊട്ടാരം ബേക്കറിയിലും പഴകിയ ഭക്ഷണം. കോടിമതയിലെ ത്രീ സ്റ്റാർ ഹോട്ടലായ വിൻസർ കാസിലിൽ നിന്നും പഴകിയ ഭക്ഷണം കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. എന്നാൽ, പൊൻകുന്നത്തെ കൊട്ടാരം ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപതോളം പേരാണ് ആശുപത്രിയിലായിരിക്കുന്നത്. സംഭവത്തിനു ശേഷവും യാതൊരു വിധ ഉത്തരവാദിത്വവും കാട്ടാതെ ബേക്കറി തുറന്നു പ്രവർത്തിപ്പിച്ച കൊട്ടാരം ബേക്കറി ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇടപെട്ട് അടച്ചു പൂട്ടിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലും, പൊൻകുന്നത്തും കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും അടക്കമുള്ള സ്ഥലങ്ങളിൽ കൊട്ടാരം ബേക്കറിയ്ക്കു ഷോറൂമുകളുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് കോട്ടയം നഗരമധ്യത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. കോടിമത വിൻസർ കാസിൽ, വേമ്പനാട് ലേക്ക് റിസോർട്ട് അടക്കമുള്ള ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഈ വിഷയം കോട്ടയം നഗരത്തിൽ അടക്കം വൻ ചർച്ചയായിരിക്കുമ്പോഴാണ് പൊൻകുന്നത്തു നിന്നും ഭക്ഷ്യവിഷബാധയുടെ വാർത്ത എത്തിയത്. കാഞ്ഞിരപ്പള്ളി പൊൻകുന്നം, കൊടൂങ്ങൂർ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഷിഫ് പാക്ക് എന്ന പ്രത്യേക ഡിഷാണ് ഇവർ വാങ്ങിക്കഴിച്ചത്. ഇതേ തുടർന്ന് ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. ഈ ബേക്കറിയുടെ മൂന്നു ശാഖകളിൽ നിന്നും ഇതേ ഭക്ഷണം കഴിച്ചവർക്കെല്ലാം അസ്വസ്ഥത അനുഭവപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ആളുകൾ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. വട്ടയ്ക്കാട്ട് റെന്നി വിക്ടർ (53) , ജോജോ എബ്രഹാം (45) , ജോജി എബ്രഹാം (48), ജോസ് എബ്രഹാം (63) , റാന്നി ചെത്തയ്ക്കൽ മേലേ പരിയാത്ത് എം.ആർ ബിജു (50), മകൾ ഐശ്വര്യ ബിജു, അമ്പിളി ബാലകൃഷ്ണൻ, പൊൻകുന്നം കല്യാംകുടി കവിത (33), ഇളങ്ങുളം കണിയാംപറമ്പിൽ സുമിത്ര (23) എന്നിവരെയാണ് ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച സംഭവം ഉണ്ടായെങ്കിലും തിങ്കളാഴ്ചയും ബേക്കറി പതിവ് പോലെ തുറന്ന് പ്രവർത്തിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധ സമരവുമായി എത്തിയത്. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ബേക്കറി അടച്ചു പൂട്ടാൻ അധികൃതർ നിർബന്ധിതമായി.

ജില്ലയിലെ തന്നെ പേരുകേട്ട വൻകിട ഹോട്ടലുകളും, ബേക്കറികളും അടക്കമുള്ളവയിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തെപ്പറ്റി ആദ്യമായാണ് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. കോടിമതയിലെ വിൻസർ കാസിലിലും, വേമ്പനാട് ലേക്ക് റിസോർട്ടിലും നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തത് തന്നെ ഇപ്പോഴുള്ള ആശങ്ക ഇരട്ടിയാക്കിയിരിക്കുന്നത്. കോട്ടയം നഗരത്തിൽ നിന്നും പഴകിയ ഭക്ഷണം ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്ത വാർത്ത ഒറ്റവരിയിൽ മലയാള മനോരമ അടക്കമുള്ള പത്രങ്ങൾ ഒതുക്കുകയായിരുന്നു. എന്നാൽ, പൊൻകുന്നം കൊട്ടാരം ബേക്കറിയിൽ നിന്നും ഭക്ഷ്യവിഷബാധ ഏറ്റ സംഭവത്തിൽ ബേക്കറിയുടെ പേരു പോലും നൽകാൻ മലയാള മനോരമ തയ്യാറായില്ല.