പോസ്റ്ററേ വിട പായലേ വിട ; കോട്ടയം നഗരഭിത്തികൾക്ക് വർണ്ണം ചാലിച്ച് മാറ്റത്തിന്റെ സന്ദേശം നൽകി ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷൻ

പോസ്റ്ററേ വിട പായലേ വിട ; കോട്ടയം നഗരഭിത്തികൾക്ക് വർണ്ണം ചാലിച്ച് മാറ്റത്തിന്റെ സന്ദേശം നൽകി ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷൻ

 

അപ്‌സര കെ. സോമൻ

കോട്ടയം : തിരുനക്കര മൈതാനത്ത് സ്റ്റേഡിയത്തിന്റെ പിൻവശത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ വർണ്ണം ചാലിച്ച ചിത്രങ്ങൾ ഇന്ന് പൂർണ്ണതയിലെത്തും. പോസ്റ്ററുകളും പരസ്യങ്ങളും കൊണ്ട് അഴുക്ക് പിടിച്ച് മുഷിഞ്ഞു കിടന്ന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരുനക്കര മൈതാനത്തെ സ്റ്റേഡിയത്തിന് പുതിയ രൂപം നൽകുന്നത് കോട്ടയത്തെ ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂഷനിലെ 110 വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരാഴ്ച നീണ്ട ശ്രമഫലമാണ്.

തിരുനക്കര മൈതാനത്തെ സ്റ്റേഡിയത്തിന്റെ പിൻഭാഗത്തെ ഭിത്തിയുടെ പഴയ രൂപം

 

ചുവരിന്റെ ഇരുവശത്തുമായി മനുഷ്യരുടെയും മൃഗങ്ങളുടെ സംസ്‌കാരമാണ് സ്റ്റേഡിയത്തിന്റെ ചുവരുകളിൽ നിറയുന്നത്. മൃഗങ്ങൾ വസിക്കുന്ന കാട്ടിൽ യാതൊരു വിധത്തിലുമുള്ള മാലിന്യങ്ങളോ മറ്റൊന്നും കാണാൻ സാധിക്കില്ല എന്നതാണ് ഒരു വശത്തെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസവും അറിവുമുള്ള മനുഷ്യർ താമസിക്കുന്ന നാട്ടിലാണ് എല്ലാ മാലിന്യവും കുമിഞ്ഞ് കൂടുന്നത്. അക്ഷരനഗരിയായ കോട്ടയത്ത് അക്ഷരങ്ങളെക്കാൾ കൂടുതൽ ഉള്ളത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ആണെന്നും മറ്റൊരു വശത്തെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പുറമെ കോട്ടയത്തിന്റെ സംസ്‌കാരത്തെയുമാണ് ചുവരുകൾ ഇനി അക്ഷര നഗരിയ്ക്ക് കാണിച്ചു തരിക. കോട്ടയത്തിന്റെ തനതു കലാരൂപമായ കൃഷ്ണനാട്ടം, നാഗമ്പടം പാലത്തിലെ തൂണുകൾ, കുമരകത്തെ ബോട്ടുകൾ, വള്ളങ്ങൾ, കേരളത്തിലെ ആദ്യത്തെ കലാലയമായ സി. എം. എസ് കോളേജിന്റെ ചിത്രം എന്നിവ  ചുവരിൽ നിറഞ്ഞ കോട്ടയത്തിന്റെ അടയാളങ്ങളാണ്. ചുവരിൽ ചിത്രങ്ങൾ വരയ്ക്കുന്നതിനുപുറമെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളിൽ മണ്ണ് നിറച്ച് ചെടികൾ വച്ച് പിടിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട് ഈ വിദ്യാർത്ഥികൾ.

ലക്ഷക്കണക്കിന് രൂപ മുടക്കി ആറ് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തെ ചുവർചിത്ര നഗരമാക്കുക എന്ന ലക്ഷ്യത്തോടെ തിരുനക്കര മൈതാനം ഉൾപ്പെടെ ചായം ചാലിച്ചിരുന്നു. എന്നാൽ കാലക്രമേണ ഇവ അഴുക്ക് പിടിച്ചു നാശമായിരുന്നു. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരുന്ന തിരുനക്കരയ്ക്ക് പുതിയ രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ പോസ്റ്ററുകളും പരസ്യങ്ങളും നീക്കി വൃത്തിയാക്കുക എന്ന ലക്ഷ്യമായിരുന്നു വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ വൃത്തിയാക്കിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പഴയ സ്ഥിതിയിൽ ആവാനുള്ള സാധ്യത ഏറെയുണ്ട് എന്ന തോന്നലിൽ നിന്നാണ് ചുവരിൽ ചിത്രങ്ങൾ തീർക്കാനുള്ള ആശയമുയർന്നത്.

ചുവരുകളിൽ ചിത്രം വരയ്ക്കുന്നതിന് വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും നൽകി ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ തലവനായ എബി അലക്‌സും ഒപ്പമുണ്ട്. നഗരസഭയുടെ ഭാഗത്ത് നിന്നും ഒരു സഹകരണവുമില്ലാതെ ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷൻ ഒന്നര ലക്ഷം രൂപയാണ് ഇതിനായി മുടക്കിയിരിക്കുന്നത്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള അക്ഷര നഗരിയിലെ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയാൽ കോട്ടയത്തിന് ഒരു പുതിയ മുഖം നൽകാൻ സാധിക്കുമെന്നാണ് ഈ വിദ്യാർത്ഥികൾ കാണിച്ചു തരുന്നത്.