സംസ്ഥാന പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വൻ ക്രമക്കേടുകൾ; കോട്ടയം ജില്ലയിൽ പുഞ്ചവയൽ, മേലുകാവ്, വൈക്കം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ റെയ്ഡ്; മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പൂർത്തിയാകാത്ത കുടിവെള്ള പദ്ധതിയുടെ മറവിൽ തട്ടിയത് 20 ലക്ഷം രൂപ
കോട്ടയം: സംസ്ഥാന പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസുകളിൽ നടക്കുന്ന അഴിമതി
കണ്ടെത്തുന്നതിനായി സംസ്ഥാനനതല മിന്നൽ പരിശോധന നടത്തി വിജിലൻസ്.
ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന രാത്രി ഏഴ് മണി വരെ നീണ്ടു. കോട്ടയം ജില്ലയിൽ മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, കാഞ്ഞിരപ്പള്ളി ഐ ടിഡിപി പ്രൊജക്റ്റ് ഓഫീസ്, ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്.
മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ കീഴിൽ വരുന്നതും മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ വാളകം, ഇരുമാപ്ര പട്ടികവർഗകാർക്കുള്ള കുടിവെള്ള പദ്ധതി 2018-19 സാമ്പത്തിക വർഷത്തിൽ 25 ലക്ഷം രൂപ ചിലവഴിച്ച് കാഞ്ഞിരപ്പള്ളി ട്രൈബൽ പ്രൊജക്റ്റ് ഓഫീസിൽ നിന്നും നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പദ്ധതിയിൽ 2019 മാർച്ചിൽ എല്ലാ പണികളും പൂർത്തിയാക്കി വിനിയോഗ ബില്ല് മൂന്നിലവ് പഞ്ചായത്ത് സെക്രട്ടറി ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസർ കാത്തിരിപള്ളിക്ക് നൽകി. ഇതിനെ തുടർന്ന് 20 ലക്ഷം രൂപ കോൺട്രാക്ടർക്ക് നൽകി.
എന്നാൽ വിജിലൻസിൻ്റെ പരിശോധനയിൽ പ്രൊജക്റ്റ് പൂർത്തിയായിട്ടില്ലെന്നും ഒരാൾക്ക് പോലും ഒരു ലിറ്റർ വെള്ളം പോലും ലഭിച്ചിട്ടില്ലെന്നും പദ്ധതി ഇതുവരെ കമ്മീഷൻ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. നിലവിൽ പദ്ധതിയിൽ നിർമ്മിച്ച ടാങ്കുകൾ എല്ലാം പൊട്ടിപൊളിഞ്ഞ നിലയിലാണ്.
കിഴക്കൻ മേഖല വിജിലൻസ് പോലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർമാരായ പ്രദീപ് എസ്, മഹേഷ് പിള്ള, രമേശ് ജി,
സജു എസ് ദാസ്, അൻസിൽ ഇ എസ് , സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, ജയ്മോൻ വി എം, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.