വിധിയുടെ മുന്നില്‍ പതറാതെ തന്റെ ജീവിത സ്വപ്നം യാഥാര്‍ത്ഥ്യമാക്കി; അകക്കണ്ണിന്റെ വെളിച്ചത്തില്‍ കോട്ടയം പുതുപ്പളളി സ്വദേശിനി രാജി കൈവരിച്ചത് അധ്യാപക പദവി

വിധിയുടെ മുന്നില്‍ പതറാതെ തന്റെ ജീവിത സ്വപ്നം യാഥാര്‍ത്ഥ്യമാക്കി; അകക്കണ്ണിന്റെ വെളിച്ചത്തില്‍ കോട്ടയം പുതുപ്പളളി സ്വദേശിനി രാജി കൈവരിച്ചത് അധ്യാപക പദവി

Spread the love

മുണ്ടക്കയം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ രാജി കൈവരിച്ചത് അദ്ധ്യാപിക പദവി.

ജനിച്ച നാള്‍മുതലേ കോട്ടയം പുതുപ്പളളി, അരപ്പറമ്പില്‍ ജോണ്‍ ചിന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകള്‍ രാജി ജോണ്‍ (40) ഇരുട്ടിന്റെ ലോകത്തായിരുന്നു. അന്നുമുതലേയുള്ള ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ മുണ്ടക്കയം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലെ അദ്ധ്യാപികയായി ജോലി ചെയ്തു വരികയാണ് രാജി. ചെറുപ്പത്തില്‍ ചെറിയ കാഴ്ചകള്‍ ഉണ്ടായിരുന്നപ്പോള്‍ വര്‍ണ്ണ നിറങ്ങളും, അടുത്തുവന്നാല്‍ ആള്‍ക്കാരുടെ ചെറിയ രൂപങ്ങളും മനസിലാകുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പിന്നീട് പൂര്‍ണമായും ഇരുട്ടിന്റെ ലോകത്തേക്ക് ആയി. പിന്നീട് തന്റെ ആഗ്രഹം സാധ്യമാകാൻ വേണ്ടി വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കാഞ്ഞിരപ്പളളി കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലും, അച്ചാമ്മ സ്മാരക ഹയര്‍സെക്കൻഡറി സ്‌കൂളിലും പഠിച്ചു. ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ചതോടെ തുടര്‍ പഠനത്തിനുള്ള ആവേശവുമായി.

തുടര്‍ന്നു കോട്ടയം ബി.സി.എം കോളേജില്‍ നിന്നും ബിരുദവും കൊടുങ്ങല്ലൂര്‍ എസ്.എൻ ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡും പാസായി. ഇതോടെ അദ്ധ്യാപിക ആകണമെന്ന ആഗ്രഹവും സാധ്യമായി.

സ്‌കൂള്‍ വിദ്യാഭ്യാസമൊക്കെ ബ്രെയിൻ ലിപിയായിരുന്നു പഠിച്ചത്. എന്നാല്‍ പിന്നീട് ബിരുദവും മറ്റും സാധാരണ കുട്ടികള്‍ക്കൊപ്പം എഴുതിയും പ്രൊജക്ടുകള്‍ തയ്യാറാക്കിയുമൊക്കെയായിരുന്നു പഠനരീതി.

അച്ചാമ്മ സ്മാരക ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പഠിക്കുന്നതിനിടയിലാണ് അദ്ധ്യാപികയെന്ന ആഗ്രഹം മനസിലുദിച്ചത്. തന്റെ അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ ജോയ്‌സ് മേരിയോടുളള ഇഷ്ടമാണ് ആഗ്രഹത്തിലേക്കു നയിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുണ്ടക്കയം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ യു.പി.വിഭാഗം അദ്ധ്യാപികയായി ചുമതലയേറ്റത്.

അഞ്ച്, ആറ് ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ്, സോഷ്യല്‍ എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
മുണ്ടക്കയം വരിക്കാനിയില്‍ മാതാപിതാക്കള്‍ക്കൊപ്പം വാടകയ്ക്കാണ് രാജിയുടെ താമസം. രാവിലെ സ്‌കൂള്‍ ബസില്‍ സ്‌കളിലെത്തും. ബസില്‍ നിന്നിറങ്ങുമ്പോഴും ക്ലാസ് റൂമിലേക്കു വരാനും പോകാനും സഹായത്തിനായി കുട്ടികള്‍ ഏറെ പേരുണ്ട്.

ഒരു മാസംകൊണ്ട് കുട്ടികളുടെയും സഹ അദ്ധ്യാപകരുടെയും ശബ്ദങ്ങള്‍ തിരിച്ചറിയാൻ കഴിഞ്ഞതിനാല്‍ എല്ലാവരുമായും നല്ല സഹകരണത്തോടെയാണ് അദ്ധ്യാപനം. കുട്ടികള്‍ക്കാണങ്കില്‍ പുതിയ ടീച്ചറിന്റെ ക്ലാസ്സും ഏറെ ഇഷ്ടത്തിലായി. ചെറുപ്പകാലം മുതലേയുള്ള അന്ധത ആദ്യകാലമൊക്കെ കുഴപ്പമില്ലെങ്കിലും വളര്‍ന്നുവന്നപ്പോള്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും, അതെല്ലാം മറികടന്നാണ് തന്റെ ജീവിത സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതെന്ന് ടീച്ചര്‍ പറയുന്നു.