രാത്രിയിൽ വൺവേ വേണ്ടേ..! അപകടങ്ങൾ തുടർക്കഥയായിട്ടും കോട്ടയം നഗരത്തിൽ രാത്രി വൺവേ ബാധകമല്ല; ബംഗാൾ സ്വദേശിയുടെ ജീവനെടുത്തതും രാത്രി വൺവേ വേണ്ടെന്ന ചിന്ത

രാത്രിയിൽ വൺവേ വേണ്ടേ..! അപകടങ്ങൾ തുടർക്കഥയായിട്ടും കോട്ടയം നഗരത്തിൽ രാത്രി വൺവേ ബാധകമല്ല; ബംഗാൾ സ്വദേശിയുടെ ജീവനെടുത്തതും രാത്രി വൺവേ വേണ്ടെന്ന ചിന്ത

തേർഡ് ഐ ബ്യൂറോ

കോട്ടയം: വൺവേകൾക്കൊണ്ടു നിറഞ്ഞ ഒരു നഗരമാണ് കോട്ടയം. കോഴിച്ചന്ത റോഡിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള തിരുനക്കര മൈതാനത്തേയ്ക്ക് എത്തണമെങ്കിൽ നേരായ മാർഗത്തിൽ പോയാൽ നഗരത്തിന് ഒരു വലത്തു വയ്‌ക്കേണ്ടി വരും. ടിബി ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫിസ് ജംഗ്ഷൻ വരെയും, ആകാശപ്പാത മുതൽ ടി.ബി ജംഗ്ഷൻ വരെയും ഇരട്ട വൺവേകളാണ്. രണ്ടു വരിയ്ക്കു കൂടി യാത്ര ചെയ്യാമെങ്കിലും ശാസ്ത്രി റോഡും ഫലത്തിൽ വൺവേയാണ്. സെൻട്രൽ ജംഗ്ഷൻ മുതൽ മലയാള മനോരമ ജംഗ്ഷൻ വരെ വൺവേയാണെന്നാണ് വയ്പ്പ്. എന്നാൽ, ജില്ലാ ആശുപത്രിയ്ക്കു മുന്നിലെത്തുമ്പോൾ കെ.കെ റോഡിലെ വൺവേയുടെ കാർക്കശ്യം അൽപം കുറയും.

എന്നാൽ, രാത്രിയെത്തിയാൽ കോട്ടയം നഗരത്തിൽ വൺവേ ബാധമല്ലെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കോട്ടയം നഗരത്തിലെ വൺവേ സമ്പ്രദായം കൊണ്ടു വരാനുള്ള പ്രധാന കാരണം, റോഡുകൾക്ക് മതിയായ വീതിയില്ലെന്നതായിരുന്നു. എന്നാൽ, രാത്രിയിൽ ഈ വൺവേ ഒന്നും കോട്ടയത്തെ വാഹനയാത്രക്കാർക്ക് ബാധകമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങൾക്കു മുൻപ് അർദ്ധരാത്രിയിൽ സിനിമയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങിയ രണ്ടു യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ ചന്തക്കവലയിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെ പൊലീസ് രാത്രിയിൽ വൺവേ തെറ്റിക്കുന്ന സംഘത്തെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കിയിരുന്നു. രാത്രിയിൽ വൺവേ തെറ്റിച്ച് എത്തുന്നവർക്ക് താക്കീതും, പിന്നീട് തെറ്റിച്ചാൽ പിഴ നൽകുന്നതുമായിരുന്നു പതിവ്.

പിന്നീട്, എപ്പോഴോ പൊലീസ് പിടി അയച്ചു. ഇതോടെ നഗരത്തിലെ ഈ റോഡിൽ അപകടങ്ങളും വർദ്ധിച്ചു. ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ ബംഗാൾ സ്വദേശിയാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും തിരുനക്കര ഭാഗത്തേയ്ക്ക് വൺവേ തെറ്റിച്ചെത്തിയ സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ അടിയിലേയ്ക്കു സ്‌കൂട്ടർ ഇടിച്ചു കയറുകയും ചെയ്തിരുന്നു.

കൂടുതൽ അപകടങ്ങളും അപകട മരണങ്ങളും ഉണ്ടാകുന്നത് ഒഴിവാക്കാൻ രാത്രിയിലെ വൺവേ കർശനമാക്കാൻ പൊലീസ് പരിശോധന തുടങ്ങണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.