അഴിമതിയുടെ കൂത്തരങ്ങായി കോട്ടയം നഗരസഭ: ബിൽഡിംങ് പെർമിറ്റിന് കൈക്കൂലി മുക്കാൽ ലക്ഷം രൂപ; നഗരസഭകളിൽ കെട്ടിക്കിടക്കുന്നത് അഞ്ഞൂറിലേറെ ഫയലുകൾ

അഴിമതിയുടെ കൂത്തരങ്ങായി കോട്ടയം നഗരസഭ: ബിൽഡിംങ് പെർമിറ്റിന് കൈക്കൂലി മുക്കാൽ ലക്ഷം രൂപ; നഗരസഭകളിൽ കെട്ടിക്കിടക്കുന്നത് അഞ്ഞൂറിലേറെ ഫയലുകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: അഴിമതിയുടെ കൂത്തരങ്ങാടി കോട്ടയം നഗരസഭ. മൂന്നു നഗരസഭ ജീവനക്കാരെ കൈക്കൂലിയിൽ കയ്യോടെ പിടികൂടിയിട്ടും നഗരസഭ അഴിമതിയിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടു പോകുന്നില്ല.

41 കെട്ടിട നിർമ്മാണ പെർമിറ്റിന് നൽകിയ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോൾ കെട്ടിട നിർമ്മാണ പെർമിറ്റിന് ലേലം വിളിക്കുകയാണ് ഉദ്യോഗസ്ഥർ. മുക്കാൽ ലക്ഷത്തോളം രൂപയാണ് കൈക്കൂലിയായി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കെട്ടിടനിർമ്മാണച്ചട്ടത്തിൽ സർക്കാർ മാറ്റം വരുത്തിയതോടെ അപേക്ഷകളുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തി, വിലപേശി ചാകരക്കൊയ്ത്ത് നടത്തുകയാണ് ഉദ്യോഗസ്ഥർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിട നിർമ്മാണത്തിനായി അപേക്ഷയുമായി എത്തിയ നഗരത്തിലെ വ്യവസായിയോട് 75,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. നഗരസഭ എൻജിനീയറിംങ് വിഭാഗത്തിൽ നിന്നുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മൂന്നു ഉദ്യോഗസ്ഥർക്കായി അരലക്ഷത്തോളം രൂപ നൽകിയ ശേഷമാണ് പെർമിറ്റ് നൽകാൻ തയ്യാറായത്.

ഇത്തരത്തിൽ കെട്ടിടനിർമ്മാണച്ചട്ടത്തിന്റെ പിഴവ് മുതലെടുത്ത് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി മധ്യകേരളത്തിലെ നഗരസഭ ഓഫിസുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. നഗരസഭകളിൽ കെട്ടിക്കിടക്കുന്ന 422 ഫയലുകളാണ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.

ഡിവൈ.എസ്.പിമാരായ എൻ.രാജൻ, എ.കെ വിശ്വനാഥൻ, എം.കെ മനോജ്, ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ്, ടിപ്സൺ തോമസ് മേക്കാടൻ, കെ.സദൻ, കെ.വി ബെന്നി, എൻ.ബാബുക്കുട്ടൻ, ബിനോജ് എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.

വൈക്കം നഗരസഭയിൽ 40 അപേക്ഷകളാണ് കെട്ടിക്കിടന്നിരുന്നത്.  കെട്ടിട നിർമ്മാണത്തിനായി നൽകിയ ബിൽഡിംങ് പെർമിറ്റുകൾ പലതും കെട്ടിക്കിടക്കുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പല അപേക്ഷകളും പല കാരണം ചൂണ്ടിക്കാട്ടിയാണ് പിടിച്ചു വച്ചിരിക്കുന്നത്. കോട്ടയം നഗസഭയിൽ 41 അപേക്ഷകളാണ് മതിയായ കാരണമില്ലാതെ തടഞ്ഞു വച്ചിരിക്കുന്നത്.

പാലാ നഗരസഭയിൽ 2015 ലെ അപേക്ഷകൾ വരെ കണ്ടെത്തിയിട്ടുണ്ട്. 60 ഫയലുകളാണ് ഇവിടെ പൂഴ്ത്തി വച്ചിരിക്കുന്നതായി കണ്ടെത്തിയത്. കട്ടപ്പന നഗരസഭ ഓഫിസിൽ 44 ഫയലുകളും, തൊടുപുഴ ഓഫിസിൽ 140 ഫയലുകളും, ഹരിപ്പാട് ഓഫിസിൽ 70 ഫയലുകളും തീരുമാനമാകാതെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാവേലിക്കര നഗരസഭയിൽ 17 ഫയലുകളിൽ നാലെണ്ണം അംഗീകാരമായെങ്കിലും ഇതുവരെയും അപേക്ഷകരെ ഇത് അറിയിച്ചിട്ടില്ല.