ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി..! കോട്ടയത്ത് യുവാവിനെ  കൊലപ്പെടുത്തിയ കേസ്; തിരുവഞ്ചൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി..! കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്; തിരുവഞ്ചൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം : തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യുമകൻ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷംവീട് കോളനി പടിഞ്ഞാറെ പോളച്ചിറ വീട്ടിൽ പത്രോസ് മകൻ ലാലു എം.പി (41) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് ശനിയാഴ്ച രാത്രി തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാവിലെ യുവാവിനെ വീട്ടമ്മയുടെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് നടത്തിയ വിശദമായ പരിശോധനയിലൂടെ ഇവരാണ് കൊല ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. രാത്രിയിൽ ഷൈജു വീട്ടിലേക്ക് പോകുന്ന വഴി പ്രതികളിലൊരാളായ ലാലുവിന്റെ വീടിനു സമീപം വച്ച് ലാലുവിനെയും സിബിയെയും കാണുകയും ഷൈജുവും ഇവരും തമ്മിലുള്ള സംസാരത്തെ തുടര്‍ന്ന് ഇവർ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും, സിബി കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് ഷൈജുവിന്റെ തലയ്ക്ക് അടിക്കുകയും, തുടർന്ന് മൂർച്ചയുള്ള നീളമുള്ള കത്തികൊണ്ട് കുത്തുകയുമായിരുന്നു.

തുടർന്ന് ഇവർ നിലത്തുകിടന്ന ഇയാളെ വലിച്ച് കൊണ്ടുപോയി അടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ ശാസ്ത്രിയമായ പരിശോധനയിൽ ഇവരാണ് പ്രതികളെന്നു കണ്ടെത്തുകയും തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് കുറ്റം സമ്മതിക്കുകയുമായിരുന്നു.

അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ മധു ആർ, എസ്.ഐ സജി ലൂക്കോസ്, എ.എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ ജിജോ ജോസ്, ശ്രീനിഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.