മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനം ;  ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിന് കാരണക്കാരായ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനം ; ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിന് കാരണക്കാരായ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച്‌ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണം. മരിച്ച അശോക് ദാസിനെ ആള്‍ക്കൂട്ടം സംഘം ചേർന്ന മർദിച്ചുവെന്നാണ് കേസ്.വാളകം കവലയ്ക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു.

ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികില്‍ കെട്ടിയിട്ടു. പിടികൂടുമ്ബോള്‍ ഇയാളുടെ കൈകളില്‍ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു.വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു. ആറ് പേരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മറ്റ് നാല് പേരെക്കൂടി പൊലീസ് പിടികൂടുകയായിരുന്നു.

രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക് ദാസിനെതിരെ ഇവർ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.