കോട്ടയം മുൻസിപ്പാലിറ്റിയുടെ വ്യാപാരി ദ്രോഹ നടപടികള്‍; മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുൻസിപ്പൽ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും 16ന്
സ്വന്തം ലേഖകൻ
കോട്ടയം: മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ കോട്ടയം മുന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. മുന്‍സിപ്പാലിറ്റിയുടെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ 16ന് രാവിലെ 10നാണ് ധർണ്ണ സംഘടിപ്പിക്കുക.
മുന്‍സിപ്പല്‍ ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടി കൊടുക്കുന്ന ഫോമില്‍ രേഖപ്പെടുത്തേണ്ട മൂലധന നിക്ഷേപം ഒരു വര്‍ഷത്തെ വിറ്റുവരവ് (ടേണോവര്‍) ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചെറുകിട വ്യാപാരികളെ കൊണ്ട് പോലും 5000 രൂപ വരെ ലൈസന്‍സ് അടപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 100 ലധികം വ്യാപാരികളെ തിരുനക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ നിന്ന് ഒഴിപ്പിച്ചിട്ട് 160 ദിവസങ്ങളായി. വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്ന് നഗരസഭ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഒരു വ്യാപാരിക്ക് പോലും കടമുറി നല്‍കുവാന്‍ സാധിച്ചിട്ടില്ല.
കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ ഭിത്തികള്‍ വിണ്ടുകീറി കെട്ടിടം എപ്പോള്‍ വേണമെങ്കിലും താഴെ വീഴാവുന്ന അവസ്ഥയിലാണ്. വ്യാപാരികള്‍ക്കോ, ഉപഭോക്താക്കള്‍ക്കോ ഉപയോഗിക്കുവാന്‍ ശുചിമുറിയില്ല. മാര്‍ക്കറ്റിന്റെ പരിസര പ്രദേശങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടിട്ട് ഇതിന്റെ മുകളില്‍ മണ്ണിട്ട് മൂടുന്ന സംസ്കരണ പദ്ധതിയാണ് നഗരസഭയുടേത്.
ഇത്തരത്തില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നഗരസഭയുടെ നടപടികള്‍ക്കെതിരെയാണ് സമരം സംഘടിപ്പിക്കുന്നതെന്ന് കോട്ടയം മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.