കോട്ടയം കുമരകത്ത് ബോട്ട് വള്ളത്തിൽ ഇടിച്ച് മരിച്ച അനശ്വരയുടെ ഓർമയ്ക്കായി കരീമഠത്തുകാർക്കു സൗജന്യമായി നടപ്പാലം ; തുക ചെലവിടുന്നത് യൂട്യൂബറായ ചെങ്ങളം സ്വദേശി ബിച്ചു

കോട്ടയം കുമരകത്ത് ബോട്ട് വള്ളത്തിൽ ഇടിച്ച് മരിച്ച അനശ്വരയുടെ ഓർമയ്ക്കായി കരീമഠത്തുകാർക്കു സൗജന്യമായി നടപ്പാലം ; തുക ചെലവിടുന്നത് യൂട്യൂബറായ ചെങ്ങളം സ്വദേശി ബിച്ചു

സ്വന്തം ലേഖകൻ 

കുമരകം : അനശ്വരയുടെ ഓർമയ്ക്കായി കരീമഠത്തുകാർക്കു സൗജന്യമായി നടപ്പാലം. പാലവും റോഡും ഇല്ലാതെ ദുരിതക്കയത്തിൽ ജീവിക്കുന്ന ഇവർക്ക് ഇനി ഒറ്റത്തടിപ്പാലത്തിലൂടെ ജീവൻ കയ്യിലെടുത്തു മറുകര കടക്കേണ്ടി വരില്ല. ജനപ്രതിനിധികൾ കയ്യൊഴിഞ്ഞ കരീമഠത്തുകാർക്ക് ഇരുചക്രവാഹനം കയറാവുന്ന നടപ്പാലം കിട്ടിയാൽ അത്രയുമായി. യൂട്യൂബറായ ചെങ്ങളം സ്വദേശി ബിച്ചു 2 ലക്ഷം രൂപ ചെലവിട്ടു പണിയുന്ന നടപ്പാലത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.

അനശ്വരയുടെ അച്ഛൻ രതീഷിന്റെ മൂത്തസഹോദരൻ രമേശനാണ് പാലം നിർമാണം നടത്തുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിൽ ഇടിച്ച് പെണ്ണാർതോട്ടിൽ വീണ് അനശ്വര മരിച്ച സ്ഥലത്തിനടുത്തുള്ള കൈത്തോട്ടിലാണു പാലം പണിയുക. കൈത്തോട്ടിലൂടെ മുത്തച്ഛൻ ഓടിച്ച വള്ളത്തിൽ സ്കൂളിലേക്കു പോകുന്നതിനു സഹോദരി ദിയയ്ക്കും അമ്മ രേഷ്മയ്ക്കും ഒപ്പം യാത്ര ചെയ്ത് പെണ്ണാർതോട്ടിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനശ്വരയുടെ സംസ്കാരച്ചടങ്ങിന് എത്തിയ പലരും ഒറ്റത്തടി പാലം കടന്നാണു വീട്ടിൽ എത്തിയത്. ഇരുമ്പു ഗർഡർ ഉപയോഗിച്ചുള്ള പാലത്തിനു 30 അടി നീളവും 4 അടി വീതിയും ഉണ്ടാകും. ഇരുചക്രവാഹനത്തിനു പാലത്തിലൂടെ പോകാൻ കഴിയും. സംസ്കാരച്ചടങ്ങിന് എത്തിയ ജനപ്രതിനിധികൾ അടുത്ത ദിവസം തന്നെ റോഡിനും പാലത്തിനുമായി അളവെടുക്കുമെന്നു പറഞ്ഞുപോയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.