

രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കുകയോ സൈൻ ഇൻ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലാണ് പണി പാളും ; അടുത്ത മാസത്തോടെ ദശലക്ഷക്കണക്കിന് ജി-മെയിൽ അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യും
സ്വന്തം ലേഖകൻ
കുറേ കാലമായി ഉപയോഗിക്കാത്ത ജി-മെയിൽ അക്കൗണ്ടുകൾ അടുത്ത മാസത്തോടെ ഗൂഗിൾ ഡിലീറ്റ് ചെയ്യാനൊരുങ്ങുന്നു. ഏതാണ്ട് രണ്ടുവർഷമായി നിഷ്ക്രിയമായി തുടരുന്ന ജി-മെയിൽ അക്കൗണ്ടുകളാണ് ഡിസംബറോടെ ഗൂഗിൾ നിർജീവമാക്കാനൊരുങ്ങുന്നത്.
ഇങ്ങനെ നിർജീവമായി കിടക്കുന്ന അക്കൗണ്ടുകളുടെ എണ്ണം ദശലക്ഷക്കണക്കിന് വരും. രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കുകയോ സൈൻ ഇൻ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലാണ് പണി പാളുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജി-മെയിൽ, ഡോക്‌സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കം ഉൾപ്പെടെ ഇല്ലാതാകും. നിർജീവ അക്കൗണ്ടുകൾ സജീവ അക്കൗണ്ടുകളേക്കാൾ അപകടകരമാണെന്നാണ് ഗൂഗിൾ കരുതുന്നത്.
ഇത്തരം അക്കൗണ്ടുകൾ മറ്റാളുകൾ അപഹരിച്ചാൽ പല കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കാനും സാധ്യതയുണ്ട്. എന്നാൽ, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അക്കൗണ്ടുകളെ ഇത് ബാധിക്കില്ല.
ഗൂഗിൾ അക്കൗണ്ട് സജീവമായി നിലനിർത്താനുള്ള ഏറ്റവും ലളിതമായ മാർഗം രണ്ട് വർഷത്തിലൊരിക്കൽ സൈൻ ഇൻ ചെയ്യുക എന്നതാണ്. ജി-മെയിൽ വായിക്കുക, യൂട്യൂബ് വിഡിയോ കാണുക, ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതൊക്കെ അക്കൗണ്ട് സജീവമാക്കാനുള്ള മാർഗങ്ങളാണ്.