കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം; കൊല്ലം സ്വദേശിയായ പാസ്റ്റർക്ക് പത്തു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും
സ്വന്തം ലേഖകൻ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശിയായ പാസ്റ്റർക്ക് പത്തു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. കൊല്ലം പിറവത്തൂർ മരങ്ങാട്ട് പുത്തൻ വീട്ടിൽ പി.ജി. മത്തായി (സണ്ണി – 55) യെയാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്‌സോ) ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് കൂടി അനുഭവിക്കേണ്ടി വരും.
2014 – 15 വർഷമായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയും അമ്മയും ആരാധനയ്ക്കു പോയിരുന്ന പള്ളിയിലെ പാസ്റ്ററായിരുന്നു ഇദ്ദേഹം. ഒരു ദിവസം പള്ളിയിൽ ആരാധനയ്ക്കായി എത്തിയ കുട്ടി ശുചിമുറിയിൽ പോകണമെന്നു ആവശ്യപ്പെടുന്നത് പാസ്റ്റർ കേട്ടു. പാസ്റ്റർ ശുചിമുറി കാട്ടിത്തരാമെന്നു വാഗ്ദാനം ചെയ്തു കുട്ടിയെയുമായി ശുചിമുറിയിൽ പോയി. ശുചിമുറിയിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നവെന്നാണ് പ്രോസിക്യൂഷൻ കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ൽ കുട്ടിയെ ചൈൽഡ് ലൈൻ കൗൺസിലിംങിന് വിധേയയാക്കിയതോടെയാണ് പാസ്റ്റർ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. തുടർന്ന് ഏറ്റുമാനൂർ പോലീസ് പാസ്റ്റർക്കെതിരെ കേസെടുക്കുകയായിരുന്നു. കേസിൽ 14 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി. 12 പ്രമാണങ്ങളും പ്രോസിക്യൂഷന്‍റെ ഭാഗമായി എത്തിച്ചു. ഒരു സാക്ഷിയെ പ്രതിഭാഗവും ഹാജരാക്കി.
ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന നിലവിലെ പാലാ ഡിവൈഎസ്പി എ.ജെ. തോമസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എം.എൻ. പുഷ്‌കരൻ കോടതിയിൽ ഹാജരായി.