എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ അഖിൽ ഇനിയില്ല; കൊടൂരാറിൽ  കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വേർപാടിൽ വിറങ്ങലിച്ച്  വെള്ളൂത്തുരുത്തി ഗ്രാമം; മുങ്ങി മരണങ്ങൾ കോട്ടയത്ത് തുടർക്കഥയാകുന്നു; കഴിഞ്ഞ വർഷം കോട്ടയം ജില്ലയിൽ മുങ്ങി മരിച്ചത് 51 പേർ

എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ അഖിൽ ഇനിയില്ല; കൊടൂരാറിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വേർപാടിൽ വിറങ്ങലിച്ച് വെള്ളൂത്തുരുത്തി ഗ്രാമം; മുങ്ങി മരണങ്ങൾ കോട്ടയത്ത് തുടർക്കഥയാകുന്നു; കഴിഞ്ഞ വർഷം കോട്ടയം ജില്ലയിൽ മുങ്ങി മരിച്ചത് 51 പേർ

സ്വന്തം ലേഖകൻ

കോട്ടയം: എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ അഖിൽ ഇനിയില്ല. ആറ്റിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വേർപാടിൽ വിറങ്ങലിച്ച് നാടും നാട്ടുകാരും.

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഖിൽ മരിച്ചതറിഞ്ഞതിൻ്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.
ചൊവ്വ പകൽ ഒന്നരയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളുത്തുരുത്തി പാലക്കാലുങ്കൽ കടവിൽ കൊടുരാറിന്റെ കൈവഴിയിൽ
അഖിലും നാല് സുഹൃത്തുക്കളും ചേർന്നാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ വെളത്തിൽ വീണ് കാണാതാകുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. തുടർന്ന് കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ചിങ്ങവനം വാകത്താനം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആംബുലൻസിൽ ജില്ല ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഖിൽ. ചിങ്ങവനം ചെറിയകുന്ന് കുഴിമറ്റം സജി സി ആർ ഗിരിജമ്മ ദമ്പതികളുടെ മകനാണ് അഖിൽ.

സംസ്ഥാനത്ത് മുങ്ങിമരണനിരക്ക് കൂടുകയാണ്. ഒരു ദിവസം ശരാശരി മൂന്നുപേർ വെള്ളത്തിൽ വീണ് മരിക്കുന്നെന്നാണ് അഗ്നിരക്ഷാസേനയുടെ കണക്ക്. 2021 ജനുവരി മുതൽ ഡിസംബർ വരെ 1102 പേരാണ് മുങ്ങിമരിച്ചത്. മുൻ വർഷങ്ങളിൽ 1000-ത്തിൽ താഴെ ആയിരുന്നു മുങ്ങിമരണം.

വെള്ളത്തിൽവീഴുന്നവരെ നാല് മിനിറ്റിനുള്ളിൽ രക്ഷപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ മരിക്കും. നദി, കുളം, പാറക്കെട്ട് എന്നിവിടങ്ങളിലാണ് മുങ്ങിമരണം സംഭവിക്കുന്നത്. കൂട്ടംകൂടി കുളിക്കാനിറങ്ങുന്ന പലരും അപകടം പതിയിരിക്കുന്നത് അറിയാറില്ല. നീന്തൽ അറിയാത്തതും പ്രശ്നമാകുന്നു. പരിശീലിക്കാതെതന്നെ നീന്താനാകുമെന്ന് കരുതുന്നതും കുഴപ്പങ്ങൾക്കിടയാക്കുന്നു. കൊല്ലം ജില്ലയിലാണ് കഴിഞ്ഞവർഷം കൂടുതൽപേർ മുങ്ങിമരിച്ചത്. 153 പേർ. ഏറ്റവും കുറവ് ഇടുക്കി ജില്ലയിൽ. ഇവിടെ 39 പേർ മരിച്ചു. 2021-ൽ 18 വയസ്സിന് മുകളിലുള്ള 667 പുരുഷൻമാരും 18 വയസ്സിന് താഴെയുള്ള 130 പുരുഷൻമാരും മുങ്ങിമരിച്ചു. 18 വയസ്സിന് മുകളിലുള്ള 260 സ്ത്രീകളും 18 വയസ്സിന് താഴെയുള്ള 45 സ്ത്രീകളും മുങ്ങിമരിച്ചിട്ടുണ്ട്.

2021-ൽ ജില്ലകളിലെ മുങ്ങിമരണങ്ങളുടെ വിവരം

തിരുവനന്തപുരം-142, (പുരുഷൻമാർ-78, സ്ത്രീകൾ-16, 18 വയസ്സിന് താഴെയുള്ളവർ പുരുഷൻമാർ-39, സ്ത്രീകൾ-9),

കൊല്ലം-143(പുരുഷൻമാർ-101, സ്ത്രീകൾ-27, 18 വയസ്സിന് താഴെ-പുരുഷൻമാർ-16, സ്ത്രീകൾ-9), പത്തനംതിട്ട-50 (പുരുഷൻമാർ-37, സ്ത്രീകൾ-7, 18 വയസ്സിന് താഴെ- പുരുഷൻമാർ-5, സ്ത്രീകൾ-1),

ആലപ്പുഴ-75 (പുരുഷൻമാർ-39, സ്ത്രീകൾ-32, 18 വയസ്സിന് താഴെ-പുരുഷൻമാർ-4, സ്ത്രീകൾ-0),

കോട്ടയം-51 (പുരുഷൻമാർ-42, സ്ത്രീകൾ-8, 18 വയസ്സിന് താഴെ-പുരുഷൻമാർ-1, സ്ത്രീകൾ-0),

എറണാകുളം-107 (പുരുഷൻമാർ-70, സ്ത്രീകൾ-20, 18 വയസ്സിന് താഴെ- പുരുഷൻമാർ-11, സ്ത്രീകൾ-6),

ഇടുക്കി-39 (പുരുഷൻമാർ-24, സ്ത്രീകൾ-4, 18 വയസ്സിന് താഴെ-പുരുഷൻമാർ-8, സ്ത്രീകൾ-3),

തൃശ്ശൂർ-116 (പുരുഷൻമാർ-67, സ്ത്രീകൾ-45, 18 വയസ്സിന് താഴെ-പുരുഷൻമാർ-3, സ്ത്രീകൾ-1), പാലക്കാട്-75 (പുരുഷൻമാർ-54, സ്ത്രീകൾ-13, 18 വയസ്സിന് താഴെ- പുരുഷൻമാർ-7, സ്ത്രീകൾ-1),

മലപ്പുറം-34 (പുരുഷൻമാർ-20, സ്ത്രീകൾ-4, 18 വയസ്സിന് താഴെ-പുരുഷൻമാർ-10, സ്ത്രീകൾ-0),

കോഴിക്കോട്-79 (പുരുഷൻമാർ-45, സ്ത്രീകൾ-25, 18വയസ്സിന് താഴെ- പുരുഷൻമാർ-6, സ്ത്രീകൾ-3),

വയനാട്-25 (പുരുഷൻമാർ-15, സ്ത്രീകൾ-2, 18 വയസ്സിന് താഴെ-പുരുഷൻമാർ-7, സ്ത്രീകൾ-1),

കണ്ണൂർ-112 (പുരുഷൻമാർ-51, സ്ത്രീകൾ-53, 18 വയസ്സിന് താഴെ-പുരുഷൻമാർ-5, സ്ത്രീകൾ-3),

കാസർകോട്-44 (പുരുഷൻമാർ-24, സ്ത്രീകൾ-4, 18 വയസ്സിന് താഴെ- പുരുഷൻമാർ-8, സ്ത്രീകൾ-8).