തർക്കം തീർന്നു: ജില്ലാ പഞ്ചായത്തിൽ ഒൻപതിടത്ത് കേരള കോൺഗ്രസ് എം മത്സരിക്കും: സി.പി.ഐയും സി.പി.എമ്മും വിട്ടു വീഴ്ചയ്ക്കു തയ്യാറായതോടെ ഒത്തു തീർപ്പ്; ചെറുകക്ഷികൾക്ക് ഇനി ജില്ലാ പഞ്ചായത്തിൽ ഇടതു മുന്നണിയിൽ സീറ്റില്ല

തർക്കം തീർന്നു: ജില്ലാ പഞ്ചായത്തിൽ ഒൻപതിടത്ത് കേരള കോൺഗ്രസ് എം മത്സരിക്കും: സി.പി.ഐയും സി.പി.എമ്മും വിട്ടു വീഴ്ചയ്ക്കു തയ്യാറായതോടെ ഒത്തു തീർപ്പ്; ചെറുകക്ഷികൾക്ക് ഇനി ജില്ലാ പഞ്ചായത്തിൽ ഇടതു മുന്നണിയിൽ സീറ്റില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെ കീറാമുട്ടിയായ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനച്ചർച്ച ഒടുവിൽ പൂർത്തിയാക്കി ഇടതു മുന്നണി. സി.പി.ഐ ഒരു സീറ്റ് വിട്ടു നൽകി വിട്ടു വീഴ്ചയ്ക്കു തയ്യാറായതോടെയാണ് തർക്കത്തിനു പരിഹാരമായത്. സി.പിഎം ഒൻപത് സീറ്റിലും, കേരള കോൺഗ്രസ് എം ഒൻപത് സീറ്റിലും സി.പി.ഐ നാലു സീറ്റിലും മത്സരിക്കുന്നതിനാണ് ധാരണയായിരിക്കുന്നത്.

22 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തവണ മത്സരിച്ചിരുന്ന എൻസിപി, ജനതാദൾ എന്നിവർ ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കില്ല. പകരം മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ അവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഇടതു മുന്നണി വാഗ്ദാനം ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിലാണ് സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ധാരണയായത്. തിങ്കളാഴ്ച ഓരോ പാർട്ടിയും മത്സരിക്കുന്ന ഡിവിഷനുകൾ ഏതെന്ന് വ്യക്തമാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു. നഗരസഭകൾ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ സീറ്റ് ചർച്ചകൾ അവസാനഘട്ടത്തിലാണ്. പൂർത്തിയാക്കാനുള്ളവ അടുത്തദിവസം തന്നെ പൂർത്തീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പാലിച്ച്, കോവിഡ് മാനദണ്ഢങ്ങൾ ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങൾ നടത്തുന്നത്.

യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ എം റ്റി ജോസഫ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ, സ്റ്റീഫൻ ജോർജ്ജ്, ജോസഫ് ചാവറ, അഡ്വ ഫ്രാൻസിസ് തോമസ്, മാത്യൂസ് ജോർജ്ജ്, സണ്ണി തോമസ്, സാജു എം ഫിലിപ്, സാബു മുരിക്കവേലി, ജോസ് ടോം, എം റ്റി കുര്യൻ, സജി നൈനാൻ, രാജീവ് നെല്ലിക്കുന്നേൽ, സുഭാഷ് പുഞ്ചക്കോട്ടിൽ, ജിയാഷ് കരീം, റഫീഖ് പട്ടരുപറമ്പിൽ, ടി ആർ രഘുനാഥൻ, സണ്ണി തെക്കേടം, പോൾസൺ പീറ്റർ എന്നിവർ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് സീറ്റുകൾ സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയായതോടെ വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്നതടക്കുമുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.