കോട്ടയത്തിൻറെ പിന്തുണയ്ക്ക് നന്ദി: തിരക്കൊഴിയാത്ത 17 മാസങ്ങൾ; ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു 31 ന് വിരമിക്കും

കോട്ടയത്തിൻറെ പിന്തുണയ്ക്ക് നന്ദി: തിരക്കൊഴിയാത്ത 17 മാസങ്ങൾ; ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു 31 ന് വിരമിക്കും

സ്വന്തം ലേഖകൻ

കോട്ടയം: മഹാപ്രളയത്തിനുശേഷമുള്ള പുനർനിർമാണം മുതൽ കൊറോണ പ്രതിരോധം വരെ നീണ്ട 17 മാസങ്ങൾ. ഒന്നിനു പുറകെ ഒന്നായി സുപ്രധാന ഉത്തരവാദിത്വങ്ങൾ. എല്ലാം വിജയകരമായി പൂർത്തീകരിച്ച് മെയ് 31ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കെ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു കോട്ടയംകാരുടെ നല്ല മനസിന് നന്ദി പറയുന്നു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും നൽകിയ പിന്തുണയാണ് ഇവിടുത്തെ സേവനകാലം തൃപ്തികരമായി പൂർത്തീകരിക്കാൻ സഹായകമായതെന്നാണ് അദ്ദേഹത്തിൻറെ വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയുടെ 45-ാമത് കളക്ടറായി 2018 ഡിസംബർ 27 നാണ് കണ്ണൂർ ധർമ്മടം സ്വദേശിയായ സുധീർ ബാബു ചുമതലയേറ്റത്. ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2019ലെ പ്രളയത്തോടനുബന്ധിച്ചുള്ള രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ലൈഫ് ഭവന പദ്ധതി പൂർത്തികരണം, പാലാ ഉപതിരഞ്ഞെടുപ്പ് തുടങ്ങിയവയുടെ ഏകോപനം മികവുറ്റ രീതിയിൽ നിർവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന റെയിൽപാത ഇരട്ടിപ്പിക്കലിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ തടസങ്ങൾ നീക്കി പൂർത്തീകരിക്കുന്നതിനും ഹാരിസൺ മലയാളം കമ്പനി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുന്നതിനായി കേസ് ഫയൽ ചെയ്യുന്നതിനും മുൻകൈ എടുത്തു. സർക്കാർ നിർദേശപ്രകാരം ഹാരിസണെതിരെ ആദ്യമായി കേസ് ഫയൽ ചെയ്തത് കോട്ടയം ജില്ലാഭരണകൂടമാണ്.

വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയശേഷം ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധിതമാക്കി ഉത്തരവിറക്കാനും ഇദ്ദേഹത്തിന് സാധിച്ചു. ജില്ലയിൽ ആദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ ഇന്നുവരെ രാപ്പകൽ വ്യത്യാസമില്ലാതെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ച ഇദ്ദേഹം മൂന്നാം ഘട്ടത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുമ്പോഴാണ് കോട്ടയത്തുനിന്നു മടങ്ങുന്നത്.

‘വിശ്രമം മറന്ന് അധ്വാനിക്കുന്ന ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരുമാണ് കൊറോണ പ്രതിരോധത്തിൽ കോട്ടയത്തിൻറെ കരുത്ത്. രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടത്തിൻറെ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായ ജനങ്ങളും അഭിനന്ദനമർഹിക്കുന്നു. രോഗികളുടെ എണ്ണം വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട് ‘-അദ്ദേഹം പറഞ്ഞു.

സാമൂഹ്യ നീതി വകുപ്പിൽ ജില്ലാ പ്രൊബേഷൻ ഓഫീസറായാണ് സുധീർ ബാബു സർക്കാർ സംസ്ഥാന സർവീസിൽ പ്രവേശിച്ചത്. സ്റ്റേറ്റ് അഡോപ്ഷൻ ഓഫീസർ, ബാലനീതി നടപടിക്രമങ്ങളുടെ ചുമതലയുള്ള അസിസ്റ്റൻറ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചശേഷം ഡെപ്യൂട്ടി കളക്ടറായി നിയമിതനായി. ഈ പദവിയിൽ കണ്ണൂർ കാസർകോട്, തൃശൂർ, കൊല്ലം ജില്ലകളിൽ സേവനമനുഷ്ഠിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, തൃശൂർ ആർ.ഡി.ഒ, കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിൻറെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ, പരിയാരം മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേറ്റർ, വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, മൂന്നാർ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 2016 മെയ് മുതൽ 2017 സെപ്റ്റംബർ വരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പദവിയിലായിരുന്നു ആദ്യ നിയമനം. ഇക്കാലയളവിൽ എൻട്രൻസ് പരീക്ഷാ കമ്മീഷണറുടെ അധിക ചുമതലയും വഹിച്ചു. തുടർന്നാണ് കോട്ടയം കളക്ടറായി നിയമിതനായത്. സുബിതയാണ് ആണ് ഭാര്യ. മക്കൾ: അർജ്ജുൻ, ആനന്ദ്.