മുടിയാണ് ഇതൊക്കെ, വെറും മുടി..! കോട്ടയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തും മുടിമുറിച്ചും സിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍; പ്രതിഷേധസ്വരമുയര്‍ന്നത് കൊടിയുടെ നിറത്തിന് അതീതമായി വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച്
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തും മുടിമുറിച്ചും സിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോളേജ് അങ്കണത്തില്‍ മുടി മുറിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും പ്രതിഷേധിച്ചത്. കൊടിയുടെ നിറത്തിന് അതീതമായി വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് പ്രതിഷേധസ്വരമുയര്‍ത്തിയതോടെ സദാചാര അക്രമണങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനുകള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍.
കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്.സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്.സംഭവ സമയം അതുവഴി വന്ന പൊലീസ് പെട്രോളിങ് സംഘം അക്രമം നടത്തിയ താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്‌ക്കര്‍, ഷെബീര്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടുകടയില്‍ വെച്ച് പ്രതികള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് ആദ്യം തല്ലിയത്. അതു തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചത്.തന്റെ തലയ്ക്കും വയറിനും പരിക്കേറ്റു. സുഹൃത്തിനാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്. തലയിലുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. തങ്ങളെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. സംസ്ഥാനമൊട്ടാകെ സംഭവത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.