ഇനി ഓടാൻ വയ്യ..! കോട്ടയം ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് അവസാനിപ്പിക്കുന്നു; നഷ്ടം മൂക്കിനു മുകളിൽ എത്തിയതായി ഉടമകൾ

ഇനി ഓടാൻ വയ്യ..! കോട്ടയം ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് അവസാനിപ്പിക്കുന്നു; നഷ്ടം മൂക്കിനു മുകളിൽ എത്തിയതായി ഉടമകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗണിൽ രണ്ടു മാസത്തോളം സർവീസ് നടത്താതിരുന്ന സ്വകാര്യ ബസുകൾ സർവീസിന് ഇറങ്ങിയ ആദ്യ ആഴ്ച തന്നെ എല്ലാം കൈവിട്ടു പോയതായി ബസ് ഉടമകൾ. ലോക്ക് ഡൗണിനു ശേഷം ഓടാൻ തുടങ്ങിയെങ്കിലും വരുമാനം പകുതിയിൽ താഴെ വരെ എത്തിയതിനാൽ തിങ്കളാഴ്ച മുതൽ സർവീസ് അവസാനിപ്പിക്കാനാണ് സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചിരിക്കുന്നത്.

ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ച് സ്വകാര്യ ബസുകൾക്കു സർവീസ് നടത്താൻ അനുവാദം നൽകി ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും ആവശ്യത്തിന് യാത്രക്കാരെ സ്വകാര്യ ബസുകൾക്കു ലഭിക്കുന്നില്ല. 1200 ലേറെ ബസുകളുള്ള ജില്ലയിൽ ലോക്ക് ഡൗണിനു ശേഷം ഇതുവരെ 300 ൽ താഴെ ബസുകൾ മാത്രമാണ് ഓടുന്നത്. എന്നിട്ടു പോലും ആവശ്യത്തിന് യാത്രക്കാരെ ബസുകൾക്കു ലഭിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ബസുകൾ സർവീസ് നടത്തുമ്പോൾ ലഭിക്കുന്ന വരുമാനം പരിതാപകരമാണ് എന്നാണ് ജിവനക്കാരുടെയും ഉടമകളുടെയും സംഘടനകൾ പറയുന്നത്. ജീവനക്കാർ ശമ്പളം പകുതിയായി കുറച്ചിട്ടു പോലും പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല.

9000 രൂപ മുതൽ 10,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന പല ബസുകളിലും ഇപ്പോൾ ലഭിക്കുന്നത് 3500 മുതൽ 4000 രൂപ വരെ മാത്രമാണ്. 600 മുതൽ 750 രൂപ വരെ ദിവസവും വേതനം വാങ്ങുന്ന നാലു ജീവനക്കാരും, ഇന്ധന ചിലവും കഴിയുമ്പോൾ കയ്യിൽ നിന്നും പണം നൽകി വണ്ടിയോടിക്കേണ്ട ഗതികേടിലാണ് ഉടമകൾ. എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുത്താൻ അനുവാദം നൽകിയെങ്കിലും, എല്ലാ സീറ്റിലും ഇരിക്കാൻ യാത്രക്കാർ തയ്യാറാകുന്നില്ല.

ബസുകളിൽ പകുതി സീറ്റിൽ പോലും ആളില്ലന്നാണ് ജീവനക്കാർ പറയുന്നത്. അൻപത് ശതമാനം നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിച്ചതോടെ കയറുന്ന യാത്രക്കാരെ കൊണ്ടു സർവീസ് നടത്തിയാൽ ചിലവ് കാശ് പോലും മിച്ചം ലഭിക്കുന്നില്ലാത്ത അവസ്ഥയാണ്. ബസിൽ കയറുന്ന യാത്രക്കാർ മറ്റൊരാളിരിക്കുന്ന സീറ്റിൽ ഇരിക്കാൻ തയ്യാറാകുന്നില്ലന്നതാണ് മറ്റൊരു പ്രധാന പ്രതിസന്ധി.

രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് ബസ് സർവീസ് അനുവദിച്ചിരിക്കുന്നത്. പല ബസുകൾക്കും രാവിലെയുള്ള ആദ്യ സർവീസും വൈകിട്ടുള്ള അവസാന സർവീസും നടത്താൻ സാധിക്കുന്നില്ല. ഇതു മൂലം ഗ്രാമീണ മേഖലകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കു പേരിനു പോലും യാത്രക്കാരെ ലഭിക്കുന്നില്ല.

യാത്രക്കാർ ഇല്ലാതെ വന്നതോടെ സ്വകാര്യ ബസ് സർവീസുകൾ ഗതികേടിലായിരിക്കുകയാണെന്നു ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ബസ് സർവീസ് അവസാനിപ്പിക്കുന്നത് സരമല്ല, മറിച്ച് ഗതികേട് കൊണ്ടാണ്. ലാഭത്തിൽ സർവീസ് നടത്താൻ പറ്റുന്നവർ നടത്തട്ടെ. നഷ്ടം സഹിക്കാനാവാതെ വന്നതോടെയാണ് സർവീസ് അവസാനിപ്പിക്കുന്നത്. അല്ലാതെ ഇതിനെ സമരമായി കാണേണ്ടെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.