അക്ഷരനഗരിക്ക് തിലകക്കുറിയായി അക്ഷരമ്യൂസിയം; ശിലാസ്ഥാപനം ഇന്ന്; നാലുഘട്ടങ്ങളിലായി നിർമ്മാണം ആരംഭിക്കുന്ന അക്ഷരമ്യൂസിയം രാജ്യത്ത് ആദ്യത്തേത്
സ്വന്തം ലേഖകൻ
കോട്ടയം: അക്ഷരനഗരിക്ക് തിലകക്കുറിയായി അക്ഷരമ്യൂസിയം. നാലുഘട്ടങ്ങളിലായി നിർമ്മാണം ആരംഭിക്കുന്ന അക്ഷരമ്യൂസിയം രാജ്യത്ത് ആദ്യത്തേതാണ്. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിലാണ് അക്ഷരനഗരിയുടെ പേര് അന്വര്‍ഥമാക്കുംവിധം ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഊന്നല്‍ നല്കി അക്ഷരമ്യൂസിയം നിർമ്മിക്കുന്നത്.
നാട്ടകം മറിയപ്പള്ളിയില്‍ എംസി റോഡരികിലുള്ള നാലേക്കര്‍ സ്ഥലത്താണ് 25,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അക്ഷരമ്യൂസിയം നിര്‍മിക്കുക. പുസ്തകം തുറന്നു വച്ച മാതൃകയിലാണു കെട്ടിടത്തിന്റെ രൂപകല്പന.
വൈകുന്നേരം നാലിന് നാട്ടകത്തുള്ള ഇന്ത്യാപ്രസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ അക്ഷരമ്യൂസിയത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാര്‍ പി.ബി. നൂഹ്, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് പി.കെ. ഹരികുമാര്‍, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) എം. ബിനോയ്കുമാര്‍, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അജിത്കുമാര്‍, സഹകരണ യൂണിയന് കോട്ടയം സര്‍ക്കിള്‍ ചെയര്മാന് കെ.എം. രാധാകൃഷ്ണന്, നഗരസഭാംഗം എബി കുന്നേപ്പറന്പില്‍, ഭരണസമിതിയംഗം എം.ജി. ബാബുജി എന്നിവര്‍ പങ്കെടുക്കും.
നാലുഘട്ടങ്ങളിലായി
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വരയില്‍ നിന്ന് ശ്രേഷ്ഠതയിലേക്ക്’, ‘കവിത’, ‘ഗദ്യസാഹിത്യം’, ‘വൈജ്ഞാനിക സാഹിത്യം, വിവര്‍ത്തനം’ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായാണ് മ്യൂസിയം സ്ഥാപിക്കുക. വൈജ്ഞാനിക ചരിത്രവും സംസ്കൃതിയും കൂട്ടിക്കലര്‍ത്തി നിര്‍മിക്കുന്ന മ്യൂസിയത്തിലെ ഓരോ വിഭാഗങ്ങളില്‍നിന്നും സന്ദര്‍ശകര്‍ക്ക് ലഭ്യമാകുന്ന അറിവുകള്‍ ദൃശ്യ, ശ്രവ്യ ക്രമീകരണങ്ങളോടെ വിശദീകരിക്കും.
പ്രവേശന കവാടം കഴിഞ്ഞ് ഒന്നാംഘട്ടത്തിലെ ദൃശ്യ, ശ്രവ്യാനുഭവവും കഴിഞ്ഞാല്‍ നേരെ ഇടനാഴിയിലേക്കാണു പ്രവേശനം. ആ ചുവരുകളില്‍ ഫോക് ലോര്‍ കലാരൂപങ്ങളുടെ ഡിജിറ്റല്‍ ആവിഷ്കാരവും ഉണ്ടായിരിക്കും.
രണ്ടാംഘട്ടത്തില്‍ സംഘകാല കവിതകളിലൂടെയുള്ള സഞ്ചാരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാടന്‍പാട്ട്, സംഘകാല സാഹിത്യം, തമിഴകം ശാസനങ്ങള്‍ എന്നിവയില്‍ തുടങ്ങി സമകാലിക കവിതകളില്‍ വരെ എത്തിനില്‍ക്കുന്ന ദൃശ്യ, ശ്രാവ്യ പ്രദര്‍ശനമുണ്ടാകും.
മൂന്നാംഘട്ടത്തില്‍ കഥാസാഹിത്യവും നോവല്‍ സാഹിത്യവും ഉള്‍പ്പെടുത്തും. യക്ഷിക്കഥകള്‍, മിത്തുകള്‍, ഐതിഹ്യങ്ങള്‍ എന്നിവയുടെ ഓഡിയോ, വിഡിയോ, അനിമേഷന്‍ കാര്ട്ടൂണുകള് ഉണ്ടാകും. നാടക ശാഖയ്ക്കായി പ്രത്യേകം ഇടം മാറ്റിവയ്ക്കും.
നോവലുകളിലെ കഥാപാത്രങ്ങളുടെ രേഖാ ചിത്രങ്ങളും എഴുത്തുകാരുടെ ജീവചരിത്രവും പ്രദര്‍ശിപ്പിക്കും.വൈജ്ഞാനിക സാഹിത്യകാലമെന്ന നാലാംഘട്ടത്തില്‍ ഭാഷാ വിജ്ഞാനീയം, മലയാള വ്യാകരണ പഠനം, വൃത്തശാസ്ത്രം, അലങ്കാര ശാസ്ത്രം, നിഘണ്ടുക്കള്‍, വിജ്ഞാന കോശം, നാട്ടറിവ് പഠനം, ചലച്ചിത്ര പഠനം, മനഃശാസ്ത്രം, മതം, തത്വചിന്ത, ഭൂമിശാസ്ത്രം തുടങ്ങിയ വിവര വിജ്ഞാന രീതികള്‍ ഉള്‍പ്പെടുത്തും.
രാജ്യത്തെ ആദ്യത്തെ അക്ഷരമ്യൂസിയമാണ് കോട്ടയത്ത് സ്ഥാപിക്കുക. അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മാണം. പൂര്‍ണമായി പരിസ്ഥിതി-ഭിന്നശേഷി സൗഹാര്‍ദ്ദമായാണ് നിര്‍മാണം.
പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുന്‍നിര്‍ത്തി ഗവേഷണ കേന്ദ്രം, ഡിജിറ്റല്‍ ഓഡിയോ ലൈബ്രറി, ഡിജിറ്റലൈസ്ഡ് രേഖകള്‍ സൂക്ഷിക്കാന്‍ യൂണിറ്റുകള്‍, ഓഡിയോ-വീഡിയോ സ്റ്റുഡിയോ, മള്‍ട്ടിപ്ലക്സ് തീയേറ്റര്‍, തുറന്ന വേദിയില്‍ കലാ, സാംസ്കാരിക പരിപാടികള്‍ നടത്താനാകുവിധം ആംഫി തീയറ്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, കഫേറ്റീരിയ, ബുക്ക് സ്റ്റാള്‍, സുവനീര്‍ ഷോപ്പ്, പുസ്തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം, കോണ്‍ഫറന്‍സ് ഹാളുകള്‍, വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കൈവിംഗ്, എപ്പിഗ്രാഫി, പ്രിന്റിംഗ്, മ്യൂസിയോളജി, കണ്‍സര്‍വേഷന്‍ എന്നി വിഷയത്തില്‍ പഠന, ഗവേഷണ സൗകര്യങ്ങള്‍ മ്യൂസിയത്തില്‍ ഒരുക്കും.