കോട്ടയത്ത് വീണ്ടും പന്നിപ്പനി; ആർപ്പൂക്കരയിലും മുളക്കുളത്തും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; മുൻകരുതൽ ശക്തമാക്കി; രോഗബാധിത പ്രദേശങ്ങളിൽനിന്നു പന്നി മാംസം വിതരണം, കടകളുടെ പ്രവർത്തനം നിർത്തിവച്ച് ഉത്തരവായി; രണ്ട് ഫാമിലായി 181 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു
കോട്ടയം: ആർപ്പൂക്കര, മുളക്കുളം ഗ്രാമപഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ .രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളിൽനിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്നു രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ഉന്മൂലനം ചെയ്ത് സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമ്മസേന രൂപീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു.
കോട്ടയം, ഏറ്റുമാനൂർ, വൈക്കം നഗരസഭകളും അയ്മനം, നീണ്ടൂർ, അതിരമ്പുഴ, തിരുവാർപ്പ്, കുമരകം, ഉഴവൂർ, കുറവിലങ്ങാട്, കാണക്കാരി, മറവൻതുരുത്ത്, തലയാഴം, മാഞ്ഞൂർ, കല്ലറ, വെച്ചൂർ, ചെമ്പ്, വെള്ളൂർ, ഞീഴൂർ, തലയോലപ്പറമ്പ് ,കടുത്തുരുത്തി, ഉദയനാപുരം ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഫാമിലായി 181 പന്നികളെ സംസ്‌കരിച്ചു
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ആർപ്പൂക്കര, മുളക്കുളം ഗ്രാമപഞ്ചായത്തുകളിലെ രണ്ട് സ്വകാര്യഫാമുകളിലെ 181 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു. ആർപ്പൂക്കരയിൽ പൂർണവളർച്ചയെത്തിയ 31 പന്നികളെയും ആറു മാസത്തിൽ താഴെയുള്ള 67 പന്നികളെയും മുളക്കുളത്ത് പൂർണവളർച്ചയെത്തിയ 50 പന്നികളെയും ആറു മാസത്തിൽ താഴെയുള്ള 33 പന്നികളെയുമാണ് കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രോട്ടോക്കോൾ പാലിച്ച് ദയാവധം നടത്തി സംസ്‌ക്കരിച്ചത്.
ആഫ്രിക്കൻ പന്നിപ്പനി സ്ഥീരികരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും ഉന്മൂലനം ചെയ്തു. ഫാമിലും പരിസരത്തും പ്രത്യേക പ്രതിരോധ- അണുനശീകരണം നടത്തി.
ഫാമിലെ പന്നികളുടെ മരണനിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ലബോറട്ടറിയിലേക്കും ബാഗ്ലൂരിലെ സതേൺ റീജണൽ ഡിസീസ് ഡയഗണോസ്റ്റിക് ലാബിലേക്കും അയച്ച സാമ്പിളുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരിയുടെ നേതൃത്വത്തിൽ ഡോ. ഫിറോസ്, ഡോ. ജേക്കബ് മാത്യു, ഡോ. സജി തോപ്പിൽ, ഡോ. ബിനോയ് ജോസഫ്, ഡോ. ബിന്ദു രാജ്, ഡോ. ശരത് കൃഷ്ണൻ, ഡോ.സുനിൽ. ബി, ഡോ.ബിനു ജോസിലിൻ, ഡോ.ജിംസി ജോസഫ് , ലൈവ് സ്‌റ്റോക് ഇൻസ്പെക്ടർ രജനി എന്നിവരടങ്ങുന്ന പ്രത്യേക ദൗത്യസംഘമാണ് പ്രതിരോധനടപടികൾ നിർവഹിച്ചത്. ജില്ലാ എപിഡിമിയോളജിസ്റ്റ് ഡോ. രാഹുൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.