പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടു പതിറ്റാണ്ട്; അധികൃതർ തിരിഞ്ഞു നോക്കാതെ കൂട്ടിക്കൽ എയ്ഡ് പോസ്റ്റ് അവഗണനയുടെ നടുവില്‍
സ്വന്തം ലേഖകൻ
മുണ്ടക്കയം: പ്രവര്‍ത്തനം നിലച്ചിട്ടു രണ്ടു പതിറ്റാണ്ടു പിന്നിടുന്ന കൂട്ടിക്കല്‍ പോലീസ് എയ്ഡ് പോസ്റ്റ് അവഗണനയുടെ നടുവില്‍. 100 സ്ക്വയര്‍ കിലോമീറ്റര്‍ വരെ വിസ്തൃതമായ മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ നിന്നും വാഗമണ്ണിന്റെ മലമടക്കുകളില്‍ വരെ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ കൂട്ടിക്കല്‍ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.
കൂട്ടിക്കല്‍, ഏന്തയാര്‍, ഇളങ്കാട്, കോലാഹലമേട് പ്രദേശങ്ങളില്‍ പോലീസിന്റെ സേവനം ലഭിച്ചിരുന്നത് കൂട്ടിക്കല്‍ എയ്ഡ് പോസ്റ്റില്നിന്നായിരുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷന്റെ അതിര്‍ത്തിപ്രദേശമായ കോലാഹലമേട്ടില്‍ എത്തണമെങ്കില്‍ 45 കിലോമീറ്ററിലധികം സഞ്ചരിക്കണം. കുട്ടിക്കല്‍ എയ്ഡ് പോസ്റ്റില്‍ നിന്നും ഏന്തയാര്‍ ഇളങ്കാട് വഴി 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോലാഹലമേട്ടില്‍ എത്തിച്ചേരുവാന്‍ സാധിക്കുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് പ്രദേശങ്ങളില്‍ പോലീസിന്റെ സേവനം സുഗമമാക്കുന്നതിന് ഉപകാരപ്രദമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്ബ് സിമി ക്യാമ്ബ് നടന്ന പ്രദേശം കൂടിയാണ് ഇവിടം. നാല് പോലീസുകാരും ഒരു അഡീഷണല്‍ എസ്ഐയും ഉള്‍പ്പെടെ 24 മണിക്കൂറായിരുന്നു സേവനം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ്, കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള സെല്ലുമെല്ലാം ഈ എയ്ഡ് പോസ്റ്റില്‍ സജ്ജമായിരുന്നു.
പിന്നീട് കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്തുകളില്‍ ഓരോ പോലീസ് സ്റ്റേഷന് ആവശ്യം ഉയര്‍ന്നു വരികയും ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നുമുണ്ടായില്ല. മുണ്ടക്കയം സ്റ്റേഷനില്‍ മതിയായ ജീവനക്കാര്‍ ഇല്ലാതായതോടെ കൂട്ടിക്കല്‍ എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
പിന്നീട് എയ്ഡ് പോസ്റ്റ് അധികാരികള്‍ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ പോലീസ് എയ്ഡ് പോസ്റ്റും അനുബന്ധ ക്വാര്‍ട്ടേഴ്സുകളുമെല്ലാം കാടുകയറി പൂര്‍ണമായും നാശത്തിന് വാക്കിലെത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്ബ് ഉപയോഗിച്ചിരുന്ന ഉരുപ്പടികള്‍ എല്ലാം മുറിക്കുള്ളില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം നവീകരിച്ച് പോലീസ് നിരീക്ഷണകേന്ദ്രമോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളോ ആക്കി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് നിര്‍ദേശവും ഉയരുന്നുണ്ട്.