കോന്നി മെഡിക്കല്‍ കോളജ്: ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം ഇന്ന്; മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 240 കിടക്കയില്‍ പ്ലാന്റില്‍നിന്ന് നേരിട്ട് ഓക്സിജന്‍ ലഭിക്കും
സ്വന്തം ലേഖിക
കോന്നി: കോന്നി ഗവ.മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ നിര്‍മാണ പ്ലാന്റ് ഇന്ന് വൈകീട്ട് 4.30ന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 240 കിടക്കയില്‍ പ്ലാന്റില്‍നിന്ന് നേരിട്ട് ഓക്സിജന്‍ എത്തും.
ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉല്പാദനശേഷിയുള്ള ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. 2021 മേയിലാണ് 1.60 കോടി ചെലവഴിച്ച് പ്ലാന്റ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഇടപെടലാണ് പ്ലാന്റ് കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ ലഭ്യമാകാനും വേഗത്തില്‍ നിര്‍മാണം നടത്താനും സഹായകമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.എസ്.എ ടെക്നോളജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലഭ്യമായ പുതിയ ഓക്സിജന്‍ പ്ലാന്റ് റെക്കോഡ് വേഗത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സൗകര്യമുള്ള 240 കിടക്കയും 30 ഐ.സി.യു കിടക്കയും ഉള്‍പ്പെടെ 270 കിടക്കയാണുള്ളത്.
കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനായിരുന്നു ഓക്സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല. ജില്ല നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മാണപ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. ഓക്സിജന്റെ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭ്യമാക്കിയിട്ടുണ്ട്.